പത്തനാപുരം: ഗാന്ധിഭവന്റെ നേത്യത്വത്തിൽ വിദ്യാലയങ്ങളിൽ നടത്തുന്ന 'മനുഷ്യ നന്മക്കായി' മാതൃസ്മരണ' പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ഗാന്ധിഭവൻ ദേശീയ പുരസ്കാരങ്ങളും ഗവർണർ വിതരണം ചെയ്യും.
ടി.വി.ആർ ഷേണായി നാഷണൽ മീഡിയ അവാർഡ് ഫ്‌ളവേഴ്‌സ് ടി.വി മാനേജിംഗ് ഡയറക്ടർ ആർ.ശ്രീകണ്ഠൻ നായർക്കും ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ ‘സത്യമേവ ജയതേ’ പുരസ്‌കാരം ജസ്റ്റിസ് ബി. കെമാൽ പാഷയ്ക്കും കെ. ആർ. നാരായണൻ പുരസ്‌കാരം മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവ് ഡോ. സി വി ആനന്ദ ബോസിനും നൽകും. ഡോ. എ.പി. ജെ അബ്ദുൾ കലാം വേൾഡ് പ്രൈസ് സന്തോഷ് ജോർജ് കുളങ്ങരയ്ക്കാണ് നൽകുക.സത്യൻ പുരസ്‌കാരം ചലച്ചിത്ര സംവിധായകൻ സോഹൻ റോയിക്കും സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മാതാവും പിതാവും ഗുരുവും കാണപ്പെട്ട ദൈവങ്ങളാണ് എന്ന സന്ദേശം ഉയർത്തി കഴിഞ്ഞ 1830 ദിവസങ്ങളായി ഗാന്ധിഭവൻ നടത്തിവന്ന ഗുരുവന്ദനസംഗമത്തിന്റെ സമാപനവും നടക്കും.
മുരളിയാ ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായർ, വനിതാകമ്മീഷൻ അംഗം ഡോ. ഷാഹിദാ കമാൽ , മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ജേർണലിസം ഡിപ്പാർട്ട്‌മെന്റ് മുൻ മേധാവി പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ പി.എസ് അമൽരാജ് തുടങ്ങിയവർ സംസാരിക്കും.