photo
പുത്തൂർ തൃക്കണ്ണാപുരം കാവിൽ ഭഗവതി ക്ഷേത്രത്തിൽ കാവേറ്റം പരിസ്ഥിതി യജ്ഞത്തിന് സ്വാമി ആത്മാനന്ദ ദീപം തെളിക്കുന്നു

കൊട്ടാരക്കര: പുത്തൂർ തൃക്കണ്ണാപുരം കാവിൽ ഭഗവതി ക്ഷേത്രത്തിൽ കാവേറ്റം പാരിസ്ഥിതി യജ്ഞത്തിന് തുടക്കമായി. ഫെബ്രുവരി 8ന് സമാപിക്കും. കാവ് സംരക്ഷണ പ്രവർത്തനങ്ങൾക്കാണ് യജ്ഞം മുൻതൂക്കം നൽകുന്നത്.

നക്ഷത്ര വന സമർപ്പണം, വൃക്ഷപൂജ ആചരണ പദ്ധതിയുടെ ആരംഭം, ദശമൂല സമർപ്പണം, ദശപുഷ്പത്തറ സമർപ്പണം, ഗോപൂജ, നാടൻ പശുപരിചയം, പഞ്ചഗവ്യ ഉൽപ്പന്ന പരിചയം, സൗജന്യ യോഗാ പരിശീലനം, പരിസ്ഥിതി ക്വിസ്, ചിത്ര രചനാ മത്സരം, യുവജന സമ്മേളനം, മാതൃസമ്മേളനം, ഭഗവത്ഗീതാ പാരായണ മത്സരം, ഹിന്ദു മഹാസമ്മേളനം, വാർഷിക പൗർണമി പൊങ്കാല എന്നിവയാണ് നടക്കുന്നത്. ആദ്യപടിയെന്ന നിലയിൽ അരയാലിന് പൂജ ചെയ്ത് ഔഷധ മൂലോദ്യാനം നിർമ്മിച്ച് ഔഷധ സസ്യത്തറയൊരുക്കി വിളക്ക് തെളിച്ചു. പ്രകൃതിയെ സംരക്ഷിക്കുക എന്നത് ഈശ്വരസേവയാണെന്ന് ഉദ്ഘാടന സഭയിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ കരിമ്പിൻപുഴ ശിവശങ്കരാശ്രമത്തിലെ സ്വാമി ആത്മാനന്ദ പറഞ്ഞു. ഡോ. എൻ.ആർ. മധു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം പ്രസിഡന്റ് വാക്കനാട് വിജയൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രസമിതി സെക്രട്ടറി സി.ജി. അഭിലാഷ്, മേൽശാന്തി കെ. നാരായണൻ നമ്പൂതിരി, രക്ഷാധികാരി മനോജ് ഭട്ടതിരി, ജനറൽ കൺവീനർ സജിത് എന്നിവർ പങ്കെടുത്തു.