കൊല്ലം: പാരിപ്പള്ളി ജംഗ്ഷനിൽ പുതിയ കച്ചവട സ്ഥാപനങ്ങൾ ആരംഭിക്കാനും വികസന പ്രവർത്തനങ്ങൾക്കും ഒരിഞ്ച് ഭൂമിയില്ലാതെ വലയുമ്പോൾ പോസ്റ്റ് ഓഫീസിന് സ്വന്തം കെട്ടിടം നിർമ്മിക്കാൻ ദേശീയപാതയോരത്ത് വാങ്ങിയ ഭൂമി കാടുകയറി നശിക്കുന്നു.
1989ലാണ് ദേശീയപാതയോരത്ത് 15 സെന്റ് ഭൂമി പോസ്റ്റൽ വകുപ്പ് വാങ്ങിയത്. ഉടൻ തന്നെ കൂറ്റൻ കെട്ടിടം നിർമ്മിച്ച് പോസ്റ്റ് ഓഫീസ് പ്രവർത്തനം അവിടേക്ക് മാറ്റുന്നതിനൊപ്പം മറ്റ് കച്ചവട സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് നൽകി വൻതുക വരുമാനവും സമ്പാദിക്കുമെന്നായിരുന്നു പോസ്റ്റൽ വകുപ്പ് അധികൃതരുടെ അന്നത്തെ പ്രഖ്യാപനം. കെട്ടിടം യാഥാർത്ഥ്യമായില്ലെന്ന് മാത്രമല്ല പാരിപ്പള്ളി പോസ്റ്റ് ഓഫീസ് വാടക കെട്ടിടങ്ങൾ ഒന്നൊന്നായി മാറുകയാണ്.
പതിനായിരം രൂപയോളം വാടക നൽകിയാണ് പാരിപ്പള്ളി ജംഗ്ഷനിലെ കെട്ടിടത്തിൽ പോസ്റ്റ് ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം നിർമ്മിക്കാൻ പണമില്ലെന്നാണ് പോസ്റ്റൽ വകുപ്പ് അധികൃതർ ഇപ്പോൾ പറയുന്നത്. എന്നാൽ ജംഗ്ഷന്റെ ഹൃദയഭാഗത്ത് ഒഴിഞ്ഞ് കിടക്കുന്ന ഭൂമി വിവിധ പദ്ധതികൾക്കായി പഞ്ചായത്ത് അടക്കം ആവശ്യപ്പെട്ടെങ്കിലും വിട്ടുകൊടുക്കാനും പോസ്റ്റൽ വകുപ്പ് അധികൃതർ തയ്യാറാകുന്നില്ല. ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം കേന്ദ്രീകരിച്ചാണ് ഇപ്പോൾ കഞ്ചാവ് സംഘങ്ങൾ ഇടപാടുകൾ നടത്തുന്നത്. അടുത്തിടെ എക്സൈസ് സംഘം തിരുവനന്തപുരത്ത് നിന്ന് കഞ്ചാവുമായെത്തിയ സംഘത്തെ ഇവിടെ വച്ച് പിടികൂടിയിരുന്നു.