കൊല്ലം: പണം നൽകി രണ്ട് വർഷമായിട്ടും ജില്ലാ ആശുപത്രിയിൽ മാമോഗ്രാഫി യൂണിറ്റുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ പൂർണമായും എത്തിയില്ല. ശേഷിക്കുന്ന ഉപകരണങ്ങളും സംവിധാനം പ്രവർത്തിപ്പിക്കാൻ ആവശ്യമായ സി.ഡിയും എന്നെത്തുമെന്ന് ജില്ലാ ആശുപത്രി അധികൃതർക്ക് യാതൊരു ധാരണയുമില്ല.
ജില്ലാ പഞ്ചായത്ത് 2017-18 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലാ ആശുപത്രിയിൽ മാമോഗ്രാഫി യൂണിറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. കാൻസർരോഗം തുടക്കത്തിൽ തന്നെ കണ്ടെത്താനും പ്രതിരോധിക്കാനുള്ള ചികിത്സാരീതികൾ നിർണയിക്കാനും സഹായകരമായ അനലോഗ് മാമോഗ്രാഫി, 3ഡി സ്റ്റീരിയോടോക്സിക്ക് ബയോപ്സി സിസ്റ്റം, റൊട്ടേറ്റിംഗ് ആനോഡ്, ആട്ടോമാറ്റിക് എക്സ്‌പോസർ കൺട്രോൾ യൂണിറ്റ്, ഒപ്ടിക്കൽ ഡെൻസിറ്റി കറക്ഷൻ യൂണിറ്റ് തുടങ്ങിയ സംവിധാനങ്ങളുള്ള യൂണിറ്റ് സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. യൂണിറ്റ് സ്ഥാപിക്കാൻ മുറി സജ്ജമാക്കുകയും ചെയ്തു. 2018 ഫെബ്രുവരി 19 ന് സംസ്ഥാന സർക്കാർ ഏജൻസിയായ കെ.എം.എസ്.സി.എല്ലിന്റെ ബാങ്ക് അക്കൗണ്ടിൽ 31,88774 രൂപ നിക്ഷേപിച്ച് സപ്ലൈ ഓർഡറും നൽകി. പിന്നീട് ഒന്നരവർഷത്തോളം ജില്ലാ പഞ്ചായത്തും ജില്ലാ ആശുപത്രി അധികൃതരും പണം കൈപ്പറ്റിയ കെ.എം.എസ്.സി.എല്ലിനോട് വിവരം തിരക്കിയതേയില്ല.
അടുത്തിടെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ വിഷയം ഉയർന്നതോടെയാണ് കെ.എം.എസ്.സി.എല്ലിനെ ബന്ധപ്പെട്ട് കുറച്ച് ഉപകരണങ്ങൾ എത്തിച്ചത്. ജില്ലാ ആശുപത്രിയിലെ ഒ.പിയിൽ കാൻസർ രോഗവുമായി ബന്ധപ്പെട്ട് പ്രതിദിനം 60 രോഗികളെങ്കിലും എത്താറുണ്ട്. ഇവരെല്ലാം 2000 രൂപ വരെ നൽകി സ്വകാര്യ ലാബുകളിലാണ് മാമോഗ്രാം പരിശോധന നടത്തുന്നത്.
''
മാമോഗ്രാം യൂണിറ്രുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വൈകാതെയെത്തും. യൂണിറ്റ് പ്രവർത്തിപ്പിക്കാനുള്ള റേഡിയോളജിസ്റ്റുമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. സാങ്കേതിക ജീവനക്കാരെക്കൂടി നിയോഗിച്ച് ഉപകരണങ്ങൾ എത്തിയാലുടൻ മാമോഗ്രാഫി യൂണിറ്റ് പ്രവർത്തനം തുടങ്ങും
ഡോ. അനുരൂപ്
ജില്ലാ ആശുപത്രി ആർ.എം.ഒ