പണം മുടക്കി കിച്ചൻ ബിൻ വാങ്ങാൻ ജനങ്ങൾക്ക് വിമുഖത
കൊല്ലം: മാലിന്യ സംസ്കരണത്തിനായി നഗരസഭ ആരംഭിച്ച 'കിച്ചൻ ബിൻ' പദ്ധതി പാളുന്നു. റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ഉൾപ്പെടെ കമ്മിറ്റികൾ വിളിച്ച് ജനങ്ങളെ ബോധവൽക്കരിച്ചെങ്കിലും പദ്ധതിയോട് മുഖം തിരിച്ചുനിൽക്കുകയാണ്.
രണ്ടായിരത്തിൽ താഴെ അപേക്ഷകൾ മാത്രമാണ് ഇതുവരെ ലഭിച്ചത്. ഓരോ വാർഡിലും ആദ്യ ഘട്ടത്തിൽ 500 പേർക്ക് വീതമാണ് ബിന്നുകൾ നൽകാൻ തീരുമാനിച്ചത്. സബ്സിഡി കഴിച്ച് 180 രൂപ അടച്ചാണ് ബിന്നുകൾ വാങ്ങേണ്ടത്. എന്നാൽ പണം മുടക്കി ബിന്നുകൾ വാങ്ങാൻ ജനങ്ങൾ വിമുഖത കാട്ടുകയാണ്. നാലേകാൽ ലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന കൊല്ലം നഗരസഭയിൽ പൊതുജനങ്ങളുടെ ഈ നിസഹകരണം മാലിന്യ സംസ്കരണത്തിൽ നഗരസഭയ്ക്ക് തിരിച്ചടിയാവുകയാണ്.
പദ്ധതി ലക്ഷ്യമിട്ടതിങ്ങനെ
വീടുകളിൽ നിന്നുള്ള മാലിന്യം പൊതു സ്ഥലങ്ങളിലും പറമ്പുകളിലും നിക്ഷേപിക്കുന്ന പ്രവണത കുറയ്ക്കാനായാണ് പദ്ധതി ലക്ഷ്യമിട്ടത്. വീടുകളുടെ അടുക്കളയിൽ നിന്ന് ജൈവ മാലിന്യം ശേഖരിച്ച് കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും. അജൈവ മാലിന്യം ശേഖരിച്ച് റീസൈക്കിൾ ചെയ്യാനും ലക്ഷ്യമിട്ടിരുന്നു. പ്ലാസ്റ്റിക്, തുണി, ഇലക്ട്രോണിക് മാലിന്യം തുടങ്ങിയവ റീസൈക്കിൾ ചെയ്യലാണ് അജൈവ മാലിന്യ ശേഖരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ജൈവമാലിന്യ ശേഖരണം
അടുക്കളയിൽ നിന്നുള്ള ജൈവമാലിന്യം ശേഖരിക്കാൻ മൂടി സഹിതമുള്ള മൂന്ന് ബിന്നുകളാണ് കോർപ്പറേഷൻ നൽകുന്നത്. ഓരോ ഡിവിഷനിലും ആയിരം ബിന്നുകൾ വീതം നൽകാനായിരുന്നു തീരുമാനം. ബിന്നുകൾ നിറയുന്നതിനനുസരിച്ച് അടുത്ത ബിൻ ഉപയോഗിക്കാം. 11 ഡിവിഷനുകളിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് റോട്ടറി ക്ലബിന്റെ സഹായം ലഭിക്കും. ബിന്നുകൾക്കായി ഡിവിഷൻ കൗൺസിലർക്ക് അപേക്ഷ നൽകണം. ഇത് എല്ലാ വീടുകളിലും നിർബന്ധമാണ്. ജൈവമാലിന്യം വീട്ടുകാർക്ക് വളമായി ഉപയോഗിക്കാം.
അജൈവ മാലിന്യ ശേഖരണം
പ്ലാസ്റ്റിക്, തുണി, ഇലക്ട്രോണിക് മാലിന്യം എന്നിവ റീസൈക്കിൾ ചെയ്യലാണ് അജൈവ മാലിന്യ ശേഖരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഒരു ഡിവിഷനെ 5 ക്ലസ്റ്ററുകളാക്കി തിരിച്ച ശേഷം മാസത്തിലൊരിക്കൽ ഇവ ശേഖരിക്കാനാണ് തീരുമാനം. ആദ്യ തവണ പ്ലാസ്റ്റിക്, പിന്നീട് തുണികൾ, ഇലക്‌ട്രോണിക് വേസ്റ്റ് എന്നിങ്ങനെയാണ് മുൻകൂട്ടി അറിയിച്ച ശേഷം ശേഖരിക്കുക. എണ്ണ, പാൽ, മീൻ എന്നിവയുടെ കവറുകൾ നന്നായി കഴുകിയ ശേഷമേ ശേഖരിക്കുകയുള്ളൂ. ഇതിനായി ഒരു വീട്ടിൽ നിന്ന് മാസം 60 രൂപ വീതം ഈടാക്കും. ചുരുക്കം പേർ മാത്രമാണ് ഇതിന് തയ്യാറാകുന്നത്.
''നഗരസഭയിലെ മാലിന്യം ആയിരം ടണ്ണിൽ നിന്ന് 40 ടണ്ണിലേക്ക് കുറയ്ക്കാനായി. ഹരിത കർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കും. ജനങ്ങളുടെ സഹകരണമാണ് നഗരസഭയ്ക്ക് ആവശ്യം.''
മേയർ, ഹണി ബഞ്ചമിൻ
'ഡൊമസ്റ്റിക്ക് ബയോ ഗ്യാസ് പദ്ധതി' നടപ്പാക്കാൻ ഒരുങ്ങിയപ്പോഴും പൊതുജനത്തിന്റെ ഭാഗത്ത് നിന്ന് നിസഹകരണമുണ്ടായി. മൂവായിരത്തോളം പേർ മാത്രമായിരുന്നു അപേക്ഷകർ. കിച്ചൻ ബിൻ പദ്ധതിക്കായി കമ്മിറ്റികൾ കൂടി ബോധവൽക്കരണം നടത്തി അപേക്ഷാ ഫോറങ്ങൾ നൽകിയെങ്കിലും അവ വാങ്ങി പോയവർ തിരികെ സമർപ്പിച്ചില്ല.''
എസ്. ഗീതാകുമാരി, ഡെപ്യൂട്ടി മേയർ