കന്റോൺമെന്റ് മൈതാനിയിലെ സംഗമത്തിൽ കാനം രാജേന്ദ്രനും പങ്കെടുക്കും
കൊല്ലം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടനാ സംരക്ഷണ സമിതി നാളെ കൊല്ലത്ത് നടത്തുന്ന ബഹുജന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സമിതി കൺവീനറും സി.പി.എം ജില്ലാ സെക്രട്ടറിയുമായ എസ്.സുദേവൻ, ചെയർമാനും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ മുല്ലക്കര രത്നാകരൻ എം.എൽ.എ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 4.30ന് കന്റോൺമെന്റ് മൈതാനിയിൽ നടക്കുന്ന സംഗമത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, വിവിധ മതമേലദ്ധ്യക്ഷൻമാർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും പങ്കെടുക്കും. ബഹുജന സംഗമത്തിനായുള്ള ഒരുക്കം പുരോഗമിക്കുകയാണ്. മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിഅമ്മ, കെ.രാജു, കൊല്ലം ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശേരി, കടയ്‌ക്കൽ അബ്ദുൽ അസീസ് മൗലവി, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ തുടങ്ങിയവരാണ് സമിതിയുടെ രക്ഷാധികാരികൾ. വാർത്താ സമ്മേളനത്തിൽ സി.പി.ഐ ജില്ലാ അസി.സെക്രട്ടറി ജി.ലാലു, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.രാജേന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എക്‌സ്.ഏണസ്റ്റ് എന്നിവരും പങ്കെടുത്തു.