ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാലഘട്ടങ്ങളിൽ ഒന്നാണ് ഗർഭകാലം. ഗർഭാവസ്ഥയിൽ തീർച്ചയായും ആരോഗ്യപരിപാലനത്തിൽ അതീവശ്രദ്ധ ചെലുത്തേണ്ടതാണ്. കാരണം അമ്മയുടെ ദന്താരോഗ്യം കുഞ്ഞിന്റെയും ആരോഗ്യത്തെ ഒരുപാട് സ്വാധീനിക്കുന്നു.
ആരോഗ്യപരിപാലനം
ഗർഭാവസ്ഥയിൽ ഏറ്റവും പ്രധാനം അമ്മയുടെ വായും പല്ലും ശുചിയായി വയ്ക്കുക എന്നുള്ളതാണ്.
ഗർഭിണിയാണെന്ന് തിരിച്ചറിയുന്ന സമയത്ത് തന്നെ ഡെന്റൽ ചെക്കപ്പ് ചെയ്യാവുന്നതാണ്.
പ്രൊഫഷണൽ സ്കെയിലിംഗ് അഥവാ ക്ളീനിംഗ് ചെയ്യുന്നത് അത്യുത്തമമാണ്.
പല്ലുകളിലെ ചെറിയ പോടുകൾ അടയ്പ്പിക്കണം.
പഴകിയതോ പൊട്ടിയതോ ആയ വെപ്പുപല്ലുകൾ മാറ്റിവയ്ക്കുകയോ ശരിയാക്കുകയോ ചെയ്യണം.
എന്തുകൊണ്ട് മുൻകരുതൽ?
ഗർഭാവസ്ഥയെ പൊതുവേ മൂന്ന് മാസക്കാലങ്ങളായി തിരിച്ചിരിക്കുന്നു.
ആദ്യത്തെ മൂന്നുമാസം ഭ്രൂണം വളർച്ച പ്രാപിക്കുന്ന കാലഘട്ടമാണ്. അതിനാൽ ഈ സമയം കഴിവതും ദന്തൽ ചികിത്സ ഒഴിവാക്കണം.
രണ്ടാമത്തെ മൂന്ന് മാസം ദന്ത ചികിത്സയ്ക്ക് അനുയോജ്യമായ സമയമാണ്.
മൂന്നാമത്തെ മൂന്ന് മാസം ചികിത്സ ചെയ്യാൻ ക്ളിനിക്കിൽ വരാനും ശരിയായ രീതിയിൽ ഡെന്റൽ ചെയറിൽ കിടക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമയമാണ്.
ഗർഭാവസ്ഥയിൽ വായിൽ വരുന്ന മാറ്റങ്ങൾ
ഗർഭിണികളിലെ ഹോർമോൺ വ്യതിയാനങ്ങളാണ് വായിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് കാരണം. മോണ പഴുപ്പ്, നിറവ്യത്യാസം, മോണയിൽ നിന്ന് രക്തം വരിക, വായ് നാറ്റം ഇവ സാധാരണമാണ്. ഗർഭകാലത്തെ മോണപഴുപ്പ് മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകും. ഇതുമൂലം തൂക്കക്കുറവുള്ള കുഞ്ഞ് ജനിക്കാനും ഇടയാക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ഗർഭിണികളിലെ ദന്ത ചികിത്സ
പല്ല് ക്ളീനിംഗ്, ഫില്ലിംഗ്, ഡെന്റൽ കോസ്മറ്റിക് ചികിത്സകൾ, പല്ല് കമ്പിയിടൽ തുടങ്ങിയവ വളരെ സുരക്ഷിതമായി ചെയ്യാം.
മരവിപ്പിക്കാനുള്ള കുത്തിവയ്പ്പ് ഗർഭിണികൾക്ക് എടുക്കാവുന്നതാണ്.
അഡ്രിനാലിന്റെ അളവ് കുറവുള്ള മരുന്നാണ് സാധാരണ ഈ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നത്.
പ്രഗ്നൻസി ട്യൂമർ
ഗഭിണികൾക്ക് സ്ഥിരമായി കണ്ടുവരുന്ന ഒന്നാണ് പ്രഗ്നൻസി ട്യൂമർ. ഗർഭാവസ്ഥയിലുള്ള സ്ത്രീകളിൽ മോണയിൽ കാണുന്ന അധിക വളർച്ചയാണിത്. രണ്ട് പല്ലുകളുടെ ഇടയിൽ മോണയ്ക്ക് നീർക്കെട്ട്, നിറവ്യത്യാസം, മോണയിൽ നിന്ന് രക്തം വരിക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. മിക്കവരിലും രണ്ടാമത്തെ മൂന്ന് മാസക്കാലത്താണ് ഇത് കാണുന്നത്. പ്രസവശേഷം ഇത് പൂർണമായും മാറിപ്പോകുന്നതാണ്. ഗർഭാവസ്ഥ ഒരു രോഗാവസ്ഥയല്ല, അതിനാൽ ഈ കാലഘട്ടത്തിൽ വളരെ ശ്രദ്ധയോടും കരുതലോടും കൂടിയ ആരോഗ്യപരിചരണം ആവശ്യമാണ്.
ഡോ.ബിൻസി അഫ്സൽ
ജൂനിയർ റസിഡന്റ്,
ചലഞ്ചർ ലേസർ,
സ്പെഷ്യാലിറ്റി ഡെന്റൽ ക്ളിനിക്,
കരുനാഗപ്പള്ളി.
ഫോൺ: 8547346615.