കരുനാഗപ്പള്ളി: ജീർണതയെ തുടർന്ന് അടച്ചുപൂട്ടിയ തൊടിയൂർ ഗ്രാമ പഞ്ചായത്തിലെ കുടുംബ ക്ഷേമ ഉപകേന്ദ്രം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. കുടുംബ ക്ഷേമ ഉപകേന്ദ്രത്തിന്റെ കോമ്പൗണ്ടിനുള്ളിൽ കുന്നോളം പൊക്കത്തിലാണ് ഖര - പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കിൽ കെട്ടിയിട്ടിരിക്കുന്നത്. അയൽ പ്രദേശങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും ചാക്കിൽ കെട്ടി രാത്രിയുടെ മറവിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് ഇവിടെ നിക്ഷേപിക്കുന്നതും പതിവ് കാഴ്ചയാണെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രികാലങ്ങളിൽ കുടുംബ ക്ഷേമ ഉപകേന്ദ്രം സാമൂഹ്യ വിരുദ്ധരുടെ കൈപ്പിടിയിലാണ്. ഇവിടെ കുന്നു കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളിൽ നിന്ന് പുറപ്പെടുന്ന ദുർഗന്ധം വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ജീണതയിലായ കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ ഒന്നും ആരംഭിച്ചിട്ടില്ലെ
ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അജിതാ മോഹനൻ
കുന്നോളം പൊക്കത്തിൽ മാലിന്യം......
മാലിന്യങ്ങൾ കുത്തിനിറച്ച ചാക്കുകെട്ടുകൾ കുന്നുപോലെ കിടക്കുന്നതിനാൽ കുടുംബ ക്ഷേമം ഉപകേന്ദ്രത്തിന്റെ കെട്ടിടം പോലും കാണാൻ കഴിയാത്ത അവസ്ഥയാണ്. ഇവിടെ കുന്നുപോലെ കിടക്കുന്ന മാലിന്യങ്ങൾ എത്രയും വേഗം നീക്കം ചെയ്യാൻ ഗ്രാമ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
3 വർഷം മുമ്പ് കെട്ടിടം അടച്ച് പൂട്ടി
7 പതിറ്റാണ്ടോളം പഴക്കം വരുന്ന കെട്ടിടത്തിന്റെ മേൽക്കൂരയും ഭിത്തികളും ജീർണിച്ചതിനെ തുടർന്നാണ് മൂന്നര വർഷം മുമ്പ് ഗ്രാമ പഞ്ചായത്ത് അധികൃതർ കെട്ടിടം അടച്ച് പൂട്ടിയത്. ഗ്രാമ പഞ്ചായത്തിലെ 8ാം വാർഡിലാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അടച്ചുപൂട്ടലിനെ തുടർന്ന് കുടംബ ക്ഷേമ ഉപകേന്ദ്രം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് തുടങ്ങി.
ഇപ്പോൾ വാടകക്കെട്ടിടത്തിൽ
ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന 7, 8, 9, 10, 11 എന്നീ വാർഡുകളിലെ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കുമാണ് കുടംബ ക്ഷേമ ഉപകേന്ദ്രത്തിന്റെ സേവനം ലഭ്യമാകുന്നത്. എല്ലാ ആഴ്ചകളിലും ചൊവ്വ , വ്യാഴം ദിവസങ്ങളിൽ മൈനാഗപ്പള്ളി മദർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ഡോക്ടർമാരെത്തിയാണ് ഗർഭിണികളെയും കുഞ്ഞുങ്ങളേയും പരിശോധിച്ച് മരുന്നുകൾ നൽകുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി പരിമിതമായ സൗകര്യത്തിലാണ് കേന്ദ്രം വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുനത്.