silpasala
ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾ

പത്തനാപുരം: ഇംഗ്ളീഷ് പഠനം എളുപ്പമാക്കുന്നതിനായി മാലൂർ എം.ടി.ഡി.എം ഹൈസ്കൂളിൽ നടത്തിയ ശില്പശാല വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.

പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് 8, 9, 10 ക്ലാസുകളിലെ ഇംഗ്ളീഷ് പാഠഭാഗങ്ങളേയും ദിനാചരണങ്ങളേയും ഉൾപ്പെടുത്തി ചില സാദ്ധ്യതകളുടെ സങ്കേതങ്ങൾ പരിചിതമാക്കുകയായിരുന്നു ശില്പശാലയുടെ ലക്ഷ്യം.

നിഴൽപ്പാവ, കയ്യുറപ്പാവ, കുപ്പിപ്പാവ, മുഖംമൂടിപ്പാവ,പൾപ്പ് പാവ തുടങ്ങി പത്തോളം പാവ നാടക രീതികൾ കുട്ടികൾ പരിചയപ്പെട്ടു. പാവനിർമ്മാണം കടന്ന് ഇംഗ്ളീഷ് സ്ക്രിപ്റ്റുകൾ പാവനാടകത്തിലൂടെ അവതരിപ്പിക്കുന്നതിന് കുട്ടികളെ സജ്ജമാക്കാൻ ശില്പശാലക്ക് കഴിഞ്ഞു.

കൃഷ്ണകുമാർ മലപ്പുറം ശിൽപ്പശാല നയിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് റവ.ഫാ. ജെയിംസ്, ഹെഡ്മാസ്റ്റർ ഷാജി ലൂക്ക്, അദ്ധ്യാപകരായ ബിനു മാത്യു, രഞ്ചു പി. മാത്യു എന്നിവർ നേതൃത്വം നൽകി. പി.ടി.എ ഭാരവാഹികളായ മസൂദ് ഖാൻ, ബാദുഷ ഖാൻ, മാതൃ സമിതി പ്രസിഡന്റ് ബിന്ദു എന്നിവർ സന്നിഹിതരായിരുന്നു.