പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിൽ ഒരു വർഷം നീണ്ട് നിന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന്റെ ഭാഗമായി പുനലൂർ പട്ടണത്തിൽ പീത പതാകകളും ആർച്ചുകളും നിറഞ്ഞു. വലിയ പാലം,വെട്ടിപ്പുഴ പാലം അടക്കമുള്ള സ്ഥലങ്ങളിലും, പാതയോരങ്ങളിലും, കോളേജിന്റെ പ്രധാന കവാടം മുതൽ കാമ്പസ് വരെയുമാണ് പീതപതാകകൾ കൊണ്ട് അലങ്കരിച്ചത്. ടൗണിലെ എല്ലാ റോഡുകൾക്കും മദ്ധ്യേ കൂറ്റൻ കമാനങ്ങൾ ഉയർത്തി.സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മറ്റു വിശിഷ്ടാതിഥികൾക്കും സ്വാഗതമോതുന്ന കൂറ്റൻ കട്ടൗട്ടുകൾ പുനലൂർ ടി.ബി.ജംഗ്ഷൻ മുതൽ കോളേജ് കാമ്പസ് വരെ നിരന്നുകഴിഞ്ഞു. സമാപന സമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാനുളള ശ്രമത്തിലാണ് സംഘാടകർ.
ഇന്ന് ഉച്ചക്ക് 12ന് കോളേജിൽ ചേരുന്ന ചടങ്ങിൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും, ജൂബിലി ആഘോഷ സ്മാരകമായി പണികഴിപ്പിച്ച കെട്ടിട സമുച്ചയത്തിന്റെ സമർപ്പണവും ഗവർണർ നിർവഹിക്കും. എസ്.എൻ.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും.മന്ത്രി കെ.രാജു, എൻ.കെ.പ്രേമചന്ദ്രൻ എം.പി.എന്നിവർ മുഖ്യപ്രഭാഷണം നടത്തും. പുനലൂർ നഗരസഭാ ചെയർമാൻ കെ.രാജശേഖരൻ, എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാൻ ടി.കെ.സുന്ദരേശൻ, കൺവീനർ കെ.സുരേഷ് കുമാർ എന്നിവർ സംസാരിക്കും.