photo
കൊട്ടാരക്കര പട്ടണത്തിലെ ഓടകളുടെ നവീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം പി. ഐഷാപോറ്റി എം.എൽ.എ നിർവഹിക്കുന്നു. നഗരസഭാ ചെയർപേഴ്സൺ ബി. ശ്യാമളഅമ്മ, വൈസ് ചെയർമാൻ ഡി. രാമകൃഷ്ണ പിള്ള, കെ.എസ്. ഇന്ദുശേഖരൻ നായർ, എസ്.ആർ. രമേശ്, സി. മുകേഷ് എന്നിവർ സമീപം

കൊട്ടാരക്കര: കൊട്ടാരക്കര പട്ടണത്തിലെ ഓടകൾക്ക് ഒടുവിൽ ശാപമോക്ഷമാവുന്നു. കൊല്ലം - തിരുമംഗലം ദേശീയപാതയിൽ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവല മുതൽ പുലമൺ കോളേജ് ജംഗ്ഷൻ വരെയാണ് ഓടകൾ നവീകരിക്കുന്നത്. ഓടകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ചാണ് ഹൈടെക് രീതിയിൽ ഓടകൾ നവീകരിക്കുക. ഓടകളിൽ മാലിന്യം കെട്ടി നിൽക്കുന്നതിനാൽ മഴക്കാലത്ത് വെള്ളം റോഡ് നിറഞ്ഞ് ഒഴുകുന്നത് ഗതാഗതത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. കഴിഞ്ഞ പെരുമഴക്കാലത്ത് മിക്ക വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറുകയും സാധനങ്ങൾ നശിക്കുകയും ചെയ്തിരുന്നു. ചന്തമുക്കിലും പുലമൺ ജംഗ്ഷനിലുമാണ് വലിയ തോതിൽ വെള്ളക്കെട്ടുണ്ടാകുന്നത്. ഓട നിറഞ്ഞതിനെപ്പറ്റിയും മഴക്കാലത്തെ പട്ടണത്തിലെ വെള്ളക്കെട്ടിനെപ്പറ്റിയും നിരന്തരം കേരള കൗമുദി വാർത്ത നൽകിയിരുന്നു. ഉടൻ പരിഹാരമുണ്ടാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി തുക അനുവദിച്ചത് ഇപ്പോഴാണ്. ഓടയിലെ മാലിന്യം നീക്കി അറ്റകുറ്റപ്പണി നടത്തുമ്പോൾത്തന്നെ വലിയ തോതിൽ പ്രശ്നത്തിന് പരിഹാരമാകും. വരുന്ന മഴക്കാലത്തിന് മുൻപായി ജോലികൾ പൂർത്തിയാക്കും. ഓടകൾക്ക് മേൽമൂടി സ്ഥാപിച്ച് കാൽനട യാത്രികർക്കുള്ള സംവിധാനവുമൊരുക്കുന്നതോടെ കൊട്ടാരക്കര പട്ടണത്തിലെ ഗതാഗത പ്രശ്നങ്ങൾക്കും വലിയ തോതിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

നവീകരണ പദ്ധതിയിലുൾപ്പെടുന്നത്

മേൽമൂടി നീക്കി മാലിന്യം പൂർണമായും നീക്കം ചെയ്യും

തകർന്ന മേൽമൂടികൾക്ക് പകരം പുതിയത് സ്ഥാപിക്കും

റോഡിലെ ടാറിംഗിനും ഓടയ്ക്കും ഇടയിൽ ഇന്റർലോക്ക്

വീതി കുറവുള്ള ഇടങ്ങളിൽ ഐറിഷ് കോൺക്രീറ്റ് നടത്തും

ആവശ്യമുള്ള സ്ഥലങ്ങളിൽ ഹാൻഡ് റെയിലുകൾ സ്ഥാപിക്കും

നിർമ്മാണ ഉദ്ഘാടനം

ഓടയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പി. ഐഷാപോറ്റി എം.എൽ.എ നിർവഹിച്ചു. ചന്തമുക്കിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ബി. ശ്യാമളഅമ്മ, വൈസ് ചെയർമാൻ ഡി. രാമകൃഷ്ണ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആർ. രമേശ്, കൗൺസിലർമാരായ സി. മുകേഷ്, കോശി കെ. ജോൺ, ഗീതാ സുധാകരൻ, ഉണ്ണിക്കൃഷ്ണ മേനോൻ, കൃഷ്ണൻകുട്ടി നായർ, കേരള ഫീഡ്സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ, ദേശീയപാതാ വിഭാഗം ഡെപ്യൂട്ടി എക്സി. എൻജിനിയർ ഷീജ, അസി. എൻജിനിയർ എം.ജി. കീർത്തി എന്നിവർ പങ്കെടുത്തു.

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 2 കോടി രൂപ ഉപയോഗിച്ചാണ് ഹൈടെക് രീതിയിൽ ഓടകൾ നവീകരിക്കുന്ന്

300 മീറ്റർ ദൂരത്തിൽ ഫുട് പാത്ത് നിർമ്മിക്കും