photo
നാട്ടുകാരുടെ നേതൃത്വത്തിൽ മൃഗാശുപത്രി മുക്ക് - ഞെട്ടയിൽ റോഡ് ഉപരോധിച്ചപ്പോൾ

കുണ്ടറ: പെരുമ്പുഴ മൃഗാശുപത്രി മുക്ക് - ഞെട്ടയിൽ റോഡിന്റെ പുനർനിർമാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. റോഡിന്റെ പുനർനിർമാണം പാതിവഴിയിലായിട്ട് മൂന്ന് മാസം പിന്നിടുന്നു. ഇതുവരെ മെറ്റലിംഗ് മാത്രമാണ് നടന്നത്. വേനലും കാറ്റും ആരംഭിച്ചതോടെ പ്രദേശത്ത് പൊടിശല്യം രൂക്ഷമായി. ഇതേ തുടർന്ന് മുൻപ് രണ്ടുതവണ ബി.ജെ.പി റോഡ് ഉപരോധിച്ചിരുന്നു. അന്ന് കുണ്ടറ പൊലീസ് കരാറുകാരനുമായി നടത്തിയ ചർച്ചയിൽ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്. എന്നാൽ നിർമ്മാണം പുനരാരംഭിക്കാനോ പൊടിശല്യത്തിന് പരിഹാരം കാണാനോ കരാറുകാരൻ തയ്യാറായില്ല. കുണ്ടറ എസ്.ഐ ഹർഷകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. കരാറുകാരനും സമരക്കാരുമായി പൊലീസ് സ്റ്റേഷനിൽ വച്ചു നടത്തുന്ന ചർച്ചയിൽ പരിഹാരം കാണാമെന്ന പൊലീസിന്റെ ഉറപ്പിൻമേൽ ഉപരോധം അവസാനിപ്പിച്ചു.