കൊല്ലം: തൃശൂരിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് നിയമാനുസൃതമായ രേഖകളില്ലാതെ വിൽപ്പനയ്ക്ക് കൊണ്ടുവന്ന മൂന്നു കിലോ ഗ്രാം സ്വർണാഭരണങ്ങൾ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം പിടികൂടി. കരുനാഗപ്പള്ളിയിലെ വിവിധ ജൂവലറികളിലേക്ക് കൊണ്ടുവന്ന ഒന്നേകാൽ കോടിയോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് ജി.എസ്.ടി കരുനാഗപ്പള്ളി മൊബൈൽ സ്‌ക്വാഡ് പിടികൂടിയത്.
ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം അസി. കമ്മിഷണർ എച്ച്. ഇർഷാദിന്റെ നിർദേശപ്രകാരം സ്റ്റേറ്റ് ടാക്‌സ് ഓഫീസർ എസ്. രാജീവിന്റെ നേതൃത്വത്തിൽ അസി. സ്റ്റേറ്റ് ടാക്‌സ് ഓഫീസർമാരായ എ.ആർ. ഷമീംരാജ്, ബി.രാജേഷ്, എസ്. രാജേഷ്‌കുമാർ, ബി.രാജീവ്, ടി.രതീഷ്, ഇ.ആർ. സോനാജി, വി. രഞ്ജിനി, പി. ശ്രീകുമാർ എന്നിവർ അടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.
നികുതിയും പിഴയും ആയി 7.67 ലക്ഷം രൂപ ഈടാക്കി ആഭരണങ്ങൾ വിട്ടുകൊടുത്തു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ രേഖകൾ ഇല്ലാതെ കൊണ്ടുവന്ന സ്വർണാഭരണങ്ങളിൽ നിന്നും 20 ലക്ഷത്തോളം രൂപ നികുതിയും പിഴയും ആയി ജി.എസ്.ടി കരുനാഗപ്പള്ളി സ്‌ക്വാഡ് ഈടാക്കിയിട്ടുണ്ട്.