കൊല്ലം:കോർപ്പറേഷനിലെ സ്വീവേജ് പദ്ധതി പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി 28ന് സർവകക്ഷി യോഗം ചേരുമെന്ന് മന്ത്റി ജെ.മേഴ്സിക്കുട്ടിഅമ്മ അറിയിച്ചു. കളക്‌ടറേറ്റിൽ ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്റി. തേവള്ളി, വടക്കുംഭാഗം, ആശ്രാമം, കടപ്പാക്കട, കന്റോൺമെന്റ്, താമരക്കുളം, പള്ളിത്തോട്ടം, പോർട്ട്, കച്ചേരി, തങ്കശേരി പ്രദേശങ്ങളിലെ സീവേജ് മാലിന്യം ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ച് സംസ്‌കരിക്കുന്നതാണ് പദ്ധതി.
1985 ൽ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി 38 കിലോമീറ്റർ ദൂരം പൈപ്പ് ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ 24 കിലോമീറ്റർ ദൂരം ഇപ്പോഴും ഉപയോഗ യോഗ്യമാണ്. ഇരുമ്പ് പാലം, വാടി ഒഴികെയുള്ള പ്രധാന പമ്പിംഗ് സ്റ്റേഷനുകളുടെ പണികളും ഭാഗികമായി പൂർത്തീകരിച്ചിരുന്നു.അമൃത് പദ്ധതിയുടെ ഭാഗമായി 30 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന മാലിന്യ സംസ്‌കരണശാലയുടെ നിർമ്മാണ പ്രവർത്തനം ആരംഭിക്കാനും സ്വീവേജ് പദ്ധതിയുടെ പണികൾ പുതിയ എസ്റ്റിമേറ്റ് പ്രകാരം പുനരാരംഭിക്കാനും സർക്കാർ നിർദ്ദേശിച്ചിരുന്നു. ടെണ്ടർ നടപടികൾ അതിവേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.
എം.നൗഷാദ് എം.എൽ.എ, മേയർ ഹണി ബഞ്ചമിൻ, ഡെപ്യൂട്ടി മേയർ എസ്.ഗീതാകുമാരി, കളക്ടർ ബി.അബ്ദുൽ നാസർ, കോർപ്പറേഷൻ കൗൺസിലർ എ.കെ.ഹഫീസ്, ഫിഷറീസ് മന്ത്റിയുടെ സ്‌പെഷ്യൽ സെക്രട്ടറി കെ.അനിൽ കുമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.