കൊല്ലം: നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് സെസ് ഇനത്തിൽ പിരിഞ്ഞുകിട്ടാനുള്ള 12,000 കോടി രൂപ ഉടൻ പിരിച്ചെടുത്ത് തൊഴിലാളികളുടെ ആനുകൂല്യം വർദ്ധിപ്പിക്കണമെന്ന് ഐ.എൻ.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.റ്റി.യു.സി.) ദക്ഷിണമേഖലാ ക്യാമ്പ് കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമനിധി ബോർഡിൽനിന്ന് സർക്കാർ വായ്പയെടുത്ത 700 കോടി രൂപ ഉടൻ ബോർഡിന് തിരിച്ചു നൽകണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 17ന് ആയിരക്കണക്കിന് തൊഴിലാളികളെ പങ്കെടുപ്പിച്ച് ക്ഷേമനിധി ഓഫീസ് മാർച്ചും ഉപവാസവും നടത്താൻ തീരുമാനിച്ചു. സംഘടനയുടെ സ്ഥാപകനേതാവും മുൻ നിയമസഭാ സ്പീക്കറുമായിരുന്ന എ.സി. ജോസിന്റെ നാലാമത് അനുസ്മരണ സമ്മേളനം ജനുവരി 21ന് കൊല്ലത്ത് നടത്തും. ജില്ലാ പ്രസിഡന്റ് ചവറ ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.എം. മുഹമ്മദ്, നേതാക്കളായ ഇ.സി. ആന്റണി ബാബു, ആർ.ദേവരാജൻ, പൊന്നപ്പൻ ആചാരി, എ.കെ.രഞ്ചൻ, വൈ.ജോൺ, മാരൂർ രാജൻപിള്ള, കല്ലേലിഭാഗം വിജയൻ, വി.മനോഹരൻ, കുരീപ്പുഴ യഹിയ, രമ ഗോപാലകൃഷ്ണൻ, ബി. ചന്ദ്രബോസ്, രാജപ്പൻപിള്ള, രാജൻ കളീക്കൽ, കാരയ്ക്കാട്ട് അനിൽ, രാധാമണി, റംല, ചന്ദ്രൻപിള്ള, ബോസ് എന്നിവർ സംസാരിച്ചു.