ഏരൂർ: സ്കൂൾ പ്രവൃത്തി സമയത്ത് ഒന്നാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർത്ഥിനിയെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്നര മണിയോടെ കരുകോൺ ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. എട്ടാം ക്ളാസ് വിദ്യാർത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നട്ടെല്ലിനും കാലിനും പരിക്കുണ്ട്.
ഒന്നാമത്തെ പീരീഡിൽ അശ്രദ്ധമായി ഇരുന്നതിന് അദ്ധ്യാപിക ശകാരിച്ചെന്നാണ് സൂചന. വിവരം രക്ഷിതാക്കളെ അറിയിക്കുമെന്ന ആശങ്കയാണ് പെൺകുട്ടിയെ മുകളിലത്തെ നിലയിൽ നിന്നു ചാടൻ പ്രേരിപ്പിച്ചതെന്ന് അറിയുന്നു.
ക്ളാസ് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ പെൺകുട്ടി പൊടുന്നനെ താഴേക്ക് ചാടുകയായിരുന്നു. സഹപാഠികളുടെ നിലവിളികേട്ട് അദ്ധ്യാപകരും മറ്റും ഓടിയെത്തി. ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഏരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.