പുത്തൂർ : എം.സി.റോഡിൽ ചങ്ങനാശേരിക്കു സമീപം തുരുത്തിയിൽ കാറും ജീപ്പും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. ഏറത്തുകുളക്കട താമരശേരി കിഴക്കേപ്പുര വിശ്വനാഥൻ നായർ (74), ഭാര്യ രാധാഭായി (മണിയമ്മ-69) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ബന്ധുവായ രതീഷിനെ ഗുരുതരമായ പരിക്കോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രതീഷിന്റെ ഇളയമകൾ ആർദ്ര (14), വിശ്വനാഥൻനായരുടെ ചെറുമകൾ ഉത്തര (8), ജീപ്പ് യാത്രക്കാരായ കടമ്മനിട്ട സ്വദേശി ജോസ് മാത്യു (58), ഭാര്യ റോസമ്മ (57) എന്നിവർക്ക് പരിക്കേറ്റിരുന്നു.
ഞായറാഴ്ച രാത്രി 11.30നായിരുന്നു അപകടം. കാറിൽ ആലുവയിലെ മകളുടെ വീട്ടിൽ പോയി കുളക്കടയിലേക്ക് മടങ്ങവേ കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. വിശ്വകല, ശിവകുമാർ, കൃഷ്ണകുമാർ എന്നിവരാണ് വിശ്വനാഥൻ നായരുടേയും രാധാഭായിയുടേയും മക്കൾ.മനോജ്, ഷീബ, ശ്രീലേഖ എന്നിവർ മരുമക്കളും . സംസ്‌കാരം ചൊവ്വാഴ്ച 10-ന് വീട്ടുവളപ്പിൽ നടക്കും.