കൊല്ലം: അതിവേഗവും ഗതാഗത നിയമലംഘനവും അത്യാപത്തെന്ന സന്ദേശവുമായി ജില്ലാതല റോഡ് സുരക്ഷാവാരാചരണത്തിന് തുടക്കമായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മേയർ ഹണി ബഞ്ചമിൻ ഉദ്ഘാടനം നിർവഹിച്ചു. അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുക എന്ന കടമ പാലിക്കാൻ പൊതുസമൂഹം പ്രത്യേകം ശ്രദ്ധിക്കണമെന്ന് മേയർ ആവശ്യപ്പെട്ടു. ഓരോ ജീവനും വിലപ്പെട്ടതാണെന്ന ബോധ്യത്തോടെ രക്ഷാപ്രവർത്തനത്തെ കാണണമെന്നും മേയർ പറഞ്ഞു.
അപകടം വരുത്തിയിട്ട് രക്ഷപെടാമെന്ന് ഇനി ആരും കരുതേണ്ട എന്ന മുന്നറിയിപ്പാണ് അധ്യക്ഷനായ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ നൽകിയത്. റോഡിലെ ഓരോ നിമിഷവും ക്യാമറയിൽ പകർത്തുന്ന കാലമാണിത്. നിയമലംഘനങ്ങൾക്കെല്ലാം ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. സേഫ് കൊല്ലത്തിന്റെ ഭാഗമായി സമ്പൂർണ റോഡ്സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം അദ്ദേഹം അഭ്യർഥിച്ചു.
ഹെൽമറ്റും സീറ്റ്ബെൽറ്റും ധരിക്കാൻ എല്ലാവരും സ്വമേധയാ തയ്യാറാകണമെന്ന് ആർ. ടി. ഒ ഡി. മഹേഷ് ആവശ്യപ്പെട്ടു. 17 വരെ തുടരുന്ന വാരാചരണത്തിന്റെ ഭാഗമായി വാഹന പരിശോധന സുശക്തമാക്കുമെന്നും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ. സി. പി വിദ്യാധരൻ മുഖ്യ സന്ദേശം നൽകി. എ. ഡി. എം പി. ആർ. ഗോപാലകൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അജോയ്, റോഡ് സുരക്ഷാ വിദഗ്ധൻ പി. എ. സത്യൻ, ട്രാക്ക് സെക്രട്ടറി ജോർജ്ജ് എഫ്. സേവ്യർ, ജോയിന്റ് ആർ. ടി. ഒ വി. ജോയ് തുടങ്ങിയവർ സംസാരിച്ചു. ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.