ക്ഷേത്ര നിർമ്മാണം കൃഷ്ണശിലയും തടിയും ചെമ്പോലയും ഉപയോഗിച്ച്
കൊല്ലം: ഭാരതീയ ക്ഷേത്ര വാസ്തുശില്പകലയുടെ അഭൗമ തേജസോടെ ഉദിച്ചുയരുകയാണ് പട്ടത്താനം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ പുതിയ ശ്രീകോവിലും ചുറ്റമ്പലവും. പരിസ്ഥിതിക്ക് കാര്യമായ മുറിവേൽപ്പിക്കാതെ കൃഷ്ണശിലയും തടിയും ചെമ്പും കൊണ്ട് മാത്രം നിർമ്മാണം പൂർത്തിയായി വരുന്ന ക്ഷേത്രമെന്ന പ്രത്യേകതയുമുണ്ട്. വാസ്തുശാസ്ത്രത്തിന്റെയും തച്ചുശാസ്ത്രത്തിന്റെയും ശില്പകലയുടെയും ശാസ്ത്രീയ ചട്ടങ്ങൾ പൂർണമായും പാലിച്ചുള്ള നിർമ്മാണം പൂർത്തിയാകുമ്പോൾ പുതിയൊരു ചരിത്രവും അത്ഭുതവുമാകും സൃഷ്ടിക്കപ്പെടുക.
കൃഷ്ണശിലകൊണ്ട് ശ്രീകോവിലിന്റെയും ചുറ്റമ്പലത്തിന്റെയും നിർമ്മാണം പൂർത്തിയായി. തമിഴ്നാട്ടിലെ മൈലാടിയിൽ നിന്നാണ് കൃഷ്ണശിലകൾ എത്തിച്ചത്. ക്ഷേത്രശ്രീകോവിലിന്റെയും ചുറ്റുമ്പലത്തിന്റെയും മച്ചിൽ എണ്ണവേങ്ങയിൽ കൊത്തിയ അഷ്ടലക്ഷ്മിമാരുടെ ശില്പങ്ങളും സ്ഥാപിച്ചു. ക്ഷേത്രനിർമ്മാണത്തിന് മാത്രം ഉപയോഗിക്കുന്ന പരിപാവനമായ എണ്ണവേങ്ങ വടക്കൻ ജില്ലകളിൽ നിന്നാണ് എത്തിച്ചത്. ആഞ്ഞിലി പാകിയ മേൽക്കൂരയ്ക്ക് മുകളിൽ ചെമ്പോല പാകൽ ഏതാനും ദിവസത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ ക്ഷേത്ര നിർമ്മാണം പൂർണമാകും.
തേക്കിൻതടിയിലുള്ള ക്ഷേത്രത്തിന്റെ വാതിലുകളും ശില്പകലയുടെ സർഗ്ഗവിസ്മയങ്ങളാണ്. ക്ഷേത്രത്തിന്റെ അഞ്ച് മുഖപ്പുകളിൽ തെക്കുഭാഗത്ത് പിതാവായ ശിവന്റെയും കന്നിമൂലയായ തെക്ക് പടിഞ്ഞാറ് ഗണപതിയുടെയും പടിഞ്ഞാറ് അയ്യപ്പന്റെയും വടക്ക് ബ്രഹ്മാവിന്റെയും കിഴക്ക് ശ്രീമുരുകന്റെയും വള്ളിദേവയാനിയുടെയും തടിയിൽ കൊത്തിയ ശില്പങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ജ്യോതിഷത്തിലും വാസ്തു, ശില്പശാസ്ത്രങ്ങളിലും അഗ്രഗണ്യനും ചെമ്പിലും ശിലയിലും തടിയിലും ഒരുപോലെ പ്രാവീണ്യവുമുള്ള ശിവൻ പാമ്പാക്കുടയാണ് ക്ഷേത്ര നിർമ്മാണ സ്ഥപതി.
പുനഃപ്രതിഷ്ഠ ഫെബ്രുവരി 5ന്
ഫെബ്രുവരി 5നാണ് നാടാകെ കാത്തിരുന്ന പുനഃപ്രതിഷ്ഠയുടെ സ്വർഗ്ഗീയ മുഹൂർത്തം. രാവിലെ 9.10 നും 9.40 നും ഇടയിൽ ഭക്തമനസുകളിൽ ആയിരം സൂര്യന്മാരുടെ തേജസോടെ വിലസുന്ന ശ്രീമുരുകനെ പുതിയ ശ്രീകോവിലിൽ പ്രതിഷ്ഠിക്കും. ഈമാസം 29ന് പുനപ്രതിഷ്ഠാ പൂർവ ക്രിയകൾ തുടങ്ങും.
2015 ഫെബ്രുവരിയിലാണ് ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി രൂപീകരിച്ചത്. എപ്രിലിൽ നിർമ്മാണം തുടങ്ങി. 3.20 കോടിയാണ് ക്ഷേത്ര പുനരുദ്ധാരണത്തിന്റെ മാത്രം ചെലവ്. ഒരുകോടിയോളം രൂപ അനുബന്ധ കാര്യങ്ങൾക്കും ചെലവായിട്ടുണ്ട്. എല്ലാവർഷവും കുംഭമാസത്തിലെ പൂയം നാളിലാണ് നാടിന്റെയാകെ ആഘോഷമായ പട്ടത്താനം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുഉത്സവം.
പുനരുദ്ധാരണം നടക്കുന്നതിനാൽ കൊടിയേറ്റ് ഉത്സവം ഒഴിവാക്കി കാവടി അഭിഷേകം മാത്രമാണ് കഴിഞ്ഞ അഞ്ച് വർഷമായി നടക്കുന്നത്. ഇത്തവണ ഉത്സവം നടത്താനാണ് നിർമ്മാണം വേഗത്തിലാക്കി ഫെബ്രുവരിയിൽ തന്നെ പുനഃപ്രതിഷ്ഠ നടത്തുന്നത്.
"കലികാലത്തിലെ ഏറ്റവും വലിയ യജ്ഞമാണ് ക്ഷേത്ര നിർമ്മാണം. അതിന് നേതൃത്വം വഹിക്കാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമാണ്."
ജെ. വിമലകുമാരി, ജനറൽ കൺവീനർ, ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി
പട്ടത്താനം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണം പൂർത്തിയായി പ്രതിഷ്ഠാ കർമ്മം നടക്കുമ്പോൾ ഒരു നാടിന്റെ സ്വപ്നവും പ്രാർത്ഥനകളുമാണ് സഫലമാകുന്നത്
എച്ച്. ദിലീപ്കുമാർ, ചെയർമാൻ,
ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി