അധികൃതർക്ക് മെല്ലെപ്പോക്കെന്ന് ആക്ഷേപം
പരവൂർ: സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന പരവൂർ - പൊഴിക്കര ടൂറിസം പദ്ധതി തുടക്കമിട്ട് ഒരു വർഷം പിന്നിട്ടിട്ടും നിർമ്മാണം പൂർത്തിയാകുന്നില്ല. അധികൃതരുടെ മെല്ലെപ്പോക്കാണ് പദ്ധതി നിർവഹണം ഇഴഞ്ഞുനീങ്ങാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ വർഷം നവംബർ 30നാണ് ജി.എസ്. ജയലാൽ എം.എൽ.എ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. ഡി.ടി.പി.സിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നിർവഹണ ഏജൻസിയായ മേജർ ഇറിഗേഷൻ വകുപ്പ് പദ്ധതി തയാറാക്കി ടൂറിസം വകുപ്പിന് സമർപ്പിക്കുകയും ചെയ്തു.
ടെൻഡർ നടപടികൾ തീർത്ത് എത്രയും വേഗം പണി പൂർത്തിയാക്കുമെന്നാണ് എം.എൽ.എ പറഞ്ഞിരുന്നത്. മൂന്ന് മാസം കൊണ്ട് പണി പൂർത്തിയാക്കുമെന്ന് മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു. എന്നാൽ പണികൾ തുടങ്ങി വച്ചതല്ലാതെ നാളിതുവരെയും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
ആകർഷണീയമായ പദ്ധതി
കടലിനോട് ചേർന്ന് 200 മീറ്റർ ദൈർഘ്യമുള്ള നടപ്പാത, അതിനോട് ചേർന്ന് വിശ്രമിക്കാനുള്ള ഗാലറി, ഇരിപ്പിടങ്ങൾ, പടിപ്പുര എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കായൽ തീരത്തുള്ള നഗരസഭയുടെ പഴയ സ്ലോട്ടർ ഹൗസ് കെട്ടിടം രണ്ട് നിലകളായി പുനരുദ്ധരിച്ച് ടൂറിസം ഫെസിലിറ്റേഷൻ സെന്ററും നിർമ്മിക്കും. ഇതിനൊപ്പം പരവൂർ കായലിൽ ബോട്ടിംഗിനായി സൗകര്യപ്രദമായ ബോട്ട് ജെട്ടി, ടിക്കറ്റ് കൗണ്ടർ, കോഫി ഷോപ്പ്, മുകളിലത്തെ നിലയിൽ സഞ്ചാരികൾക്ക് ഉദയാസ്തമയം കാണാനുള്ള വ്യൂ പോയിന്റ്, ശുചിമുറികൾ, പാർക്കിംഗ് സൗകര്യം എന്നിവയും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ബോട്ട് ജെട്ടിക്കാവശ്യമായ കോൺക്രീറ്റ് തൂണുകൾ മാത്രമാണ് നിലവിൽ നിർമ്മിച്ചിട്ടുള്ളത്.
നഗരസഭയുടെ പാർക്ക് നാശത്തിലേക്ക്
പൊഴിക്കരയിൽ വിനോദസഞ്ചാരികൾക്കായി പാർക്ക് നിർമ്മിച്ച് ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടിട്ടുണ്ട്. എന്നാൽ മത്സ്യബന്ധന തൊഴിലാളികൾ വലകൾ ഉണക്കാനാണ് ഇവിടം ഉപയോഗിക്കുന്നത്. കാടുമൂടി കിടന്ന പാർക്ക് ആഴ്ചകൾക്ക് മുമ്പ് നഗരസഭ വൃത്തിയാക്കിയിരുന്നു. പദ്ധതി നിർവഹണം വേഗത്തിലാക്കി കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതോടെ നഗരസഭയുടെ പാർക്ക് സംരക്ഷിക്കപ്പെടുമെന്ന് നാട്ടുകാർ പറയുന്നു.
സഞ്ചാരികളുടെ ആകർഷണ കേന്ദ്രം
ഒരുവശം കായലും മറുവശം കടലും ചേർന്ന അതിമനോഹരമായ മണൽപരപ്പുകളുമാണ് പരവൂർ പൊഴിക്കരയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്. നിത്യവും സഞ്ചാരികളുടെ എണ്ണം പൊഴിക്കര കടപ്പുറത്ത് വർദ്ധിച്ചുവരികയുമാണ്. പരവൂർ പ്രദേശവാസികളുടെ ചിരകാലസ്വപ്നമായ പദ്ധതി പ്രകാരമുള്ള നിർമ്മാണങ്ങൾ വേഗത്തിൽ പൂർത്തിയാക്കി പരവൂരിന്റെ മുഖഛായ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൊഴിക്കര ബീച്ചിൽ ആധുനിക സൗകര്യങ്ങൾ സജ്ജമാക്കാൻ അധികൃതർ ശ്രമിക്കണം. എങ്കിൽ മാത്രമേ വിദേശസഞ്ചാരികൾ കൂടുതലായി ഇവിടെ എത്തുകയുള്ളു. ഇച്ഛാശക്തിയുള്ള ഭരണ നേതൃത്വത്തിന്റെ അഭാവമാണ് ടൂറിസം മേഖലയുടെ വികസന മുരടപ്പിന് കാരണം.
പരവൂർ മോഹൻദാസ്
(കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് )
കഴിഞ്ഞ ഇരുപത് വർഷമായി പരവൂർ നഗരസഭ ഭരിക്കുന്ന ഇടത് മുന്നണിക്ക് ടൂറിസം മേഖലയിൽ യാതൊരു സംഭാവനയും നടത്താൻ സാധിച്ചിട്ടില്ല.
പരവൂർ സജീബ് (പരവൂർ നഗരസഭ കൗൺസിലർ)