കൊല്ലം: 10നും 50നും ഇടയിൽ പ്രായമുള്ള യുവതികൾ ശബരിമലയിൽ പ്രവേശിക്കേണ്ടെന്ന ദേവസ്വം ബോർഡ് തീരുമാനം സ്വാഗതാർഹമാണെന്ന് അഖിലകേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.ആർ. ദേവദാസ് പറഞ്ഞു. മഹാസഭ കൊല്ലം യൂണിയന്റെ നയപ്രഖ്യാപന സമ്മേളനം കടപ്പാക്കട സ്പോർട്സ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നാക്ക മേധാവിത്വം തകർക്കാനാണ് നവോത്ഥാന സംരക്ഷണ സമിതിയിൽ സഭ അംഗമായത്. മാറ്റത്തിനായി സമിതിയുമായി ഇനിയും സഹകരിക്കുമെന്നും ദേവദാസ് പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് ജെ. ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ജി. വിനോബൻ അവതരിപ്പിച്ച നയപ്രഖ്യാപന രേഖ ചർച്ചയ്ക്ക് ശേഷം ഐകകണ്ഠേന അംഗീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി. വാമദേവൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ ചിത്രാസ് സോമൻ, വി. ശിവാനന്ദൻ ആചാരി, കെ.ആർ. സുരേന്ദ്രൻ, മായാ വിനോബൻ, യൂണിയൻ ട്രഷറർ ജി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.