c
കൊല്ലം റെയിൽവേ സ്‌റ്റേഷനിലെ ലിഫ്റ്റിന്റെ നിർമ്മാണം

നിർമ്മാണം മാർച്ചിൽ പൂർത്തിയാക്കും

കൊല്ലം: കൊല്ലം റെയിൽവേ സ്റ്രേഷനിലെ രണ്ടാം ടെർമിനലിനെ ഒന്നാം ടെർമിനലുമായി ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്റെ പണി പൂർത്തിയാവുന്നു. വരുന്ന മാർച്ചോടെ നടപ്പാലത്തിന്റെയും ലിഫ്റ്റിന്റെയും നിർമ്മാണം പൂർത്തിയാക്കി യാത്രക്കാർക്കായി തുറന്നു കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ അധികൃതർ. രണ്ട് ദേശീയപാതകളെ ബന്ധിപ്പിക്കുന്ന തരത്തിൽ രണ്ടാമത്തെ ടെർമിനലിൽ നിന്നാരംഭിച്ച് പുതിയകാവ് ക്ഷേത്രത്തിന് സമീപമെത്തുന്ന നടപ്പാതയുടെ നിർമ്മാണം ഏറക്കുറേ പൂർത്തിയായിക്കഴിഞ്ഞു. തുടക്കത്തിൽ നടപ്പാതയ്ക്ക് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങളെ തുടർന്നാണ് നിർമ്മാണം വൈകിയത്. പിന്നീട് നിർമ്മാണം ആരംഭിച്ചെങ്കിലും സാങ്കേതിക തടസങ്ങൾ മൂലം ഏതാനും മാസങ്ങളും കൂടി വൈകുകയായിരുന്നു. അതിന് ശേഷമാണ് ത്വരിതഗതിയിൽ നിർമ്മാണം ആരംഭിക്കുകയും ഒന്നാം പ്ലാറ്റ്ഫോമിൽ എസ്കലേറ്റർ ഉൾപ്പെടെ സ്ഥാപിക്കുന്ന പണികൾ പുരോഗമിക്കുകയും ചെയ്‌തത്.


റെയിൽപ്പാത മുറിച്ച് കടക്കേണ്ട

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ രണ്ടാം ടെർമിനലിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും അതുവഴി എത്തുന്ന യാത്രക്കാർക്ക് ഒന്നാം പ്ലാറ്റ്ഫോമിലെത്തണമെങ്കിൽ റെയിൽപ്പാത മുറിച്ച് കടക്കേണ്ട സ്ഥിതിയാണ്. ഇതിന് പരിഹാരമുണ്ടാക്കാനായാണ് രണ്ടാം ടെർമിനലിൽ നിന്ന് ഒന്നാം പ്ലാറ്റ്ഫോമിലെത്താനുള്ള നടപ്പാതയുടെ നിർമ്മാണം ആരംഭിച്ചത്. നടപ്പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ യാത്രക്കാർക്ക് റെയിൽപ്പാത മുറിച്ച് കടക്കേണ്ട ഗതികേട് ഒഴിവാക്കാം.

ലിഫ്റ്റ്, എസ്കലേറ്റർ

രണ്ടാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റ്, എസ്കലേറ്റർ എന്നിവയുടെ പണിയും പുരോഗമിക്കുകയാണ്. രണ്ടാം പ്രവേശന കവാടത്തിൽ നിന്ന് രണ്ടാം പ്ലാറ്റ്ഫോം വരെയുള്ള നടപ്പാതയുടെ നിർമ്മാണം ആദ്യമേ പൂർത്തീകരിച്ചിരുന്നു. പിന്നീടാണ് ഇത് ഒന്നാം പ്ലാറ്ര്‌ഫോമിലേക്ക് നീട്ടാൻ തീരുമാനമായത്. കവാടത്തിലെ ലിഫ്റ്റ്, എസ്കലേറ്റർ എന്നിവ യാത്രക്കാർക്ക് ഉപയോഗപ്രദമാകണമെങ്കിൽ നടപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയാകണം.