കൊല്ലം: പകലുകൾ ചുട്ടുപൊള്ളുകയാണ്. കൊടുംചൂടിൽ ജോലി ചെയ്യുന്നവർക്ക് സൂര്യാതപവും ശാരീരിക അവശതകളും അനുഭവപ്പെടുമെന്നതിനാൽ പലിടത്തും ജോലിസമയം പുനക്രമീകരിച്ചു തുടങ്ങി.
പൊരിവെയിലത്ത് ജോലി ചെയ്യുന്നവർ മാത്രമല്ല, കാൽനട യാത്രികരും ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും ശാരീരിക അവശതകൾ നേരിടുന്നു. വിയർക്കുന്നതിനൊപ്പം ശരീരം ചൊറിഞ്ഞ് തിണർക്കുകയാണ് മിക്കവർക്കും. കാലാവസ്ഥാ വ്യതിയാനത്തിന് കാരണം ആഗോള താപനമാണെന്നും പച്ചപ്പിന്റെ വ്യാപനം അനിവാര്യമാണെന്നും പരിസ്ഥിതി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ തവണത്തെക്കാൾ ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം.
സൂര്യാഘാതം
അന്തരീക്ഷ താപനില ഉയരുമ്പോൾ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവും. ഇതോടെ ശരീര താപം പുറന്തള്ളാൻ കഴിയാതെ വരും. ഇങ്ങനെ ശരീരത്തിന്റെ നിർണ്ണായക പ്രവർത്തനങ്ങൾ മിക്കതും തകരാറിലാവുന്ന അവസ്ഥയാണ് സൂര്യാഘാതം.
സൂര്യാതപം
സൂര്യാഘാതത്തെക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. ശക്തമായ വെയിലേറ്റ് ശരീരത്തിന്റെ ജലാംശം വിയർപ്പിലൂടെ നഷ്‌ടമാകുന്ന അവസ്ഥ. കേരളത്തിന്റെ കാലാവസ്ഥയിൽ സൂര്യാതപ സാദ്ധ്യതയാണ് കൂടുതൽ. പക്ഷേ വരാനിരിക്കുന്ന ചൂടിൽ സൂര്യാഘാത സാധ്യതയും മാറ്റി നിറുത്താനാകില്ല.
സൂര്യാഘാത ലക്ഷണങ്ങൾ
1-വളരെ ഉയർന്ന ശരീരതാപം
2- വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം
3- വേഗത്തിലുള്ള നാഡിമിടിപ്പ്
4- തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ
5- ചിലപ്പോൾ അബോധാവസ്ഥയിലുമാകാം.
സൂര്യാഘാതത്തെ പ്രതിരോധിക്കാം
ദാഹം തോന്നുന്നില്ലെങ്കിലും ഓരോ മണിക്കൂർ ഇടവിട്ട് 2- 4 ഗ്ലാസ് വെള്ളം കുടിക്കണം.
കട്ടികുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക
വീടിനുള്ളിൽ വായു സഞ്ചാരം ലഭിക്കുന്ന തരത്തിൽ ജനലുകളും വാതിലുകളും തുറന്നിടുക
വെയിലത്ത് ജോലി ചെയ്യുന്നവർ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ പുറംജോലികൾ ഒഴിവാക്കുക
സൂര്യാഘാതമേറ്റാൽ
ചികിത്സ തേടണം
സൂര്യാഘാതമേറ്റാൽ വൈദ്യസഹായം തേടണം. ശക്തമായ സൂര്യാതപമേറ്റ് കൈകളുടെ പുറംഭാഗം, മുഖം, നെഞ്ചിന്റെ പുറംഭാഗം, കഴുത്തിന്റെ പിൻഭാഗം എന്നിവിടങ്ങളിൽ പൊള്ളലേറ്റാൽ സ്വയം ചികിത്സ നടത്തരുത്. പൊള്ളലേറ്റ ഭാഗത്തെ തൊലിയിൽ കുമിളകൾ ഉണ്ടായാൽ പൊട്ടിക്കരുത്.
കുട്ടികളിൽ കൂടുതൽ ശ്രദ്ധ വേണം
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്.
വെയിലത്ത് നിറുത്തിയിടുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തി പോകരുത്.
ചൂട് മൂലം അസ്വസ്ഥത അനുഭവപ്പെട്ടാൽ തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്‌ക്കണം
തുടർന്നും ആശ്വാസം തോന്നുന്നില്ലെങ്കിൽ വൈദ്യ സഹായം തേടണം.
ചൂട് കൊണ്ടുള്ള ശരീര തിണർപ്പ് അഥവാ ഹീറ്റ് റാഷ് കുട്ടികൾക്ക് ഉണ്ടാകാനിടയുണ്ട്
വെയിലേൽക്കാതെയും തിണർപ്പുള്ള ഭാഗങ്ങൾ ഉണങ്ങിയ അവസ്ഥയിൽ സൂക്ഷിക്കാനും ശ്രദ്ധിക്കണം.