കൊല്ലം: കനത്ത ചൂടിൽ വിറ്റഴിക്കപ്പെടുന്നതിലേറെയും കൃത്യമായ ഗുണനിലവാര പരിശോധന നടത്താത്ത കുപ്പിവെള്ളം. നിർമ്മാതാക്കളുടെ കൃത്യമായ മേൽവിലാസം രേഖപ്പെടുത്താത്ത കുപ്പിവെള്ളങ്ങളാണ് വിപണിയിൽ കൂടുതലെത്തുന്നത്. ചൂട് ഉയർന്നതിനൊപ്പം കുപ്പിവെള്ളത്തിന്റെ വിൽപ്പന വർദ്ധിച്ചതോടെ പുതിയ പേരുകളിൽ കുപ്പി വെള്ളങ്ങൾ വഴിയോര വിപണികളിൽ സജീവമാവുകയാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും വെള്ളത്തിന്റെ സാമ്പിൾ പരിശോധിക്കാൻ ശ്രമിക്കുന്നില്ലെന്നാണ് വിമർശനം. നടപടികൾക്ക് വേണ്ടി നിർമ്മാതാക്കളെ ബന്ധപ്പെടാൻ ശ്രമിച്ചാൽ ടെലഫോൺ നമ്പരും മേൽവിലാസവും വ്യാജമായിരിക്കും. ഗുണനിലവാര പരിശോധന നടത്താതെയും മേൽവിലാസം രേഖപ്പെടുത്താതെയും വിൽക്കുന്ന കുപ്പിവെള്ളങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നതുമില്ല. ഗുണനിലവാര പരിശോധന നടത്താത്ത കുപ്പിവെള്ളങ്ങൾ ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പിടിപെടാൻ ഇടയാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഗുണനിലവാരമില്ലാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന ശീതള പാനീയങ്ങളും മലിന ജലത്തിൽ തയ്യാറാക്കുന്ന ഐസും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും.