navas
ശാസ്താംകോട്ട കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ കനാൽ കാടുമൂടിയ നിലയിൽ

ശാസ്താംകോട്ട: വേനൽ ശക്തമായിട്ടും ജലവിതരണത്തിനായുള്ള കനാലുകൾ നവീകരിക്കുന്നതിൽ പഞ്ചായത്തുകൾ വലിയ വീഴ്ച വരുത്തുകയാണെന്ന് ആക്ഷേപം. വംബർ 30 നകം തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കനാലുകൾ നവീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കുന്നത്തൂർ താലൂക്കിലെ പോരുവഴി, ശൂരനാട് സൗത്ത്, മൈനാഗപ്പള്ളി, കുന്നത്തൂർ, ശാസ്താംകോട്ട പഞ്ചായത്തുകളോട് കല്ലട ഇറിഗേഷൻ പ്രോജക്ട് (കെ.ഐ.പി ) ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പഞ്ചായത്തുകൾ മെല്ലെപ്പോക്ക് തുടരുകയാണെന്ന ആക്ഷേപം നാട്ടിൽ ശക്തമാണ്. കനാൽ തുറന്നു വിടുന്നതോടെ താലൂക്കിന്റെ പല ഭാഗങ്ങളിലും കൃഷിയിടങ്ങളിലും ജലമെത്തും. ഇതാണ് ഗ്രാമ പ്രദേശങ്ങളിൽ ഒരു പരിധി വരെ ജലക്ഷാമം പരിഹരിക്കാനുള്ള മാർഗം.

കനാലുകളിൽ അറവു മാലിന്യം

വേനൽ കനത്തതോടെ കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാൽ തുറന്നു വിടണമെന്ന പ്രദേശവാസികളുടെ ആവശ്യവും ശക്തമായി. എന്നാൽ താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ കനാലുകളിൽ അറവു മാലിന്യം ഉൾപ്പടെയുള്ളവ കെട്ടികിടക്കുന്ന സ്ഥിതിയാണ്. ഇത്തവണ നേരത്തേ കനാൽ ശുചിയാക്കണമെന്ന നിർദ്ദേശം കൊടുത്തിട്ടും പഞ്ചായത്തുകൾ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ശക്തമായ പ്രതിഷേധം

വേനൽ കടുത്താൽ ശാസ്താംകോട്ട തടാകത്തിൽ നിന്നുള്ള പബ്ബിംഗ് നിറുത്തിവയ്ക്കും. അപ്പോൾ സാധാരണയായി കനാൽ ജലം ശുദ്ധീകരിച്ചാണ് കുടിവെള്ളത്തിനായ് പമ്പ് ചെയ്യുന്നത്. അതിനാൽ കനാൽ ശുദ്ധീകരിക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് അതത് പഞ്ചായത്തുകളാണ്. സമയബന്ധിതമായി കനാൽ ശുദ്ധീകരിക്കുന്നതിൽ പഞ്ചായത്തുകൾ കാട്ടുന്ന കടുത്ത അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.