പള്ളിമൺ: പള്ളിമൺ സിദ്ധാർത്ഥ സ്കൂൾ ഗ്രൗണ്ടിൽ നടന്ന അണ്ടർ 18 ഉല്ലാസ് ട്രോഫി സംസ്ഥാന ഫുട്ബാൾ ടൂർണമെന്റിൽ കൊട്ടറ ശങ്കരമംഗലം ഹയർസെക്കന്ററി സ്കൂളിനെതിരെ രണ്ടു ഗോളുകൾ നേടി തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ കപ്പ് കരസ്ഥമാക്കി.
അന്തരിച്ച മുൻ കായികതാരം എൻ. ഉല്ലാസ്കുമാറിന്റെ ഓർമ്മയ്ക്കായി കൊല്ലം സിദ്ധാർത്ഥ ഫൗണ്ടേഷനാണ് നാലു വർഷമായി ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഇത്തവണ വിവിധ ജില്ലകളിൽ നിന്നായി 20ൽപരം ടീമുകൾ പങ്കെടുത്തു.
മികച്ച ഗോൾകീപ്പറായി കണ്ണനല്ലൂർ എം.കെ.എൽ.എം. എച്ച്.എസ്.എസിലെ മുഹമ്മദ് റിസ്വാനെയും മികച്ച കളിക്കാരനായി ജി.വി. രാജ സ്പോർട്സ് സ്കൂളിലെ പി. എസ്. വിഷ്ണുവിനെയും മികച്ച കോച്ചായി ജി.വി. രാജ സ്പോർട്സ് സ്കൂളിലെ കെ. എം. രാജേഷിനെയും തിരഞ്ഞെടുത്തു.
കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ജി. ചന്ദു (റിട്ട. അസി. കമ്മീഷണർ, എക്സൈസ്) വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു. സമാപന സമ്മേളനത്തിൽ ഫൗണ്ടേഷൻ സെക്രട്ടറി യു. സുരേഷ്, സിദ്ധാർത്ഥ ഡീൻ ബീന തമ്പി, പ്രിൻസിപ്പൽ ശ്രീരേഖ പ്രസാദ്, സ്പോർട്സ് കോ-ഓർഡിനേറ്റർ എൻ. ദിനേഷ് എന്നിവർ പങ്കെടുത്തു.
അടുത്തവർഷം മുതൽ ജില്ലാ ടീമുകളെ പങ്കെടുപ്പിച്ച് സീനിയേഴ്സ് ടൂർണമെന്റാക്കാൻ ആഗ്രഹിക്കുന്നതായി സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറി യു. സുരേഷ് അറിയിച്ചു.