കരുനാഗപ്പള്ളി: തുറയിൽക്കടവും പരിസരവും രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധർ കൈയ്യടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കടവിന്റെ വടക്ക് ഭാഗത്ത് വളർന്ന് നിൽക്കുന്ന കുറ്റിക്കാട് കേന്ദ്രീകരിച്ചാണ് മദ്യപാനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അരങ്ങേറുന്നത്. സന്ധ്യ കഴിഞ്ഞാൽ ഇതുവഴി യാത്രചെയ്യാൻ നാട്ടുകാർ ഭയപ്പെടുകയാണ്. പൊലീസ് വരുമ്പോൾ സാമൂഹ്യവിരുദ്ധർ കായലിൽ ചാടി നീന്തി രക്ഷപെടുകയാണ് ചെയ്യുന്നത്.
വൈകിട്ട് 6 മണി കഴിഞ്ഞാൽ സർക്കാർ കടത്ത് അവസാനിക്കും. പിന്നീട് സ്വകാര്യ കടത്തിനെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. അർദ്ധരാത്രിക്ക് ശേഷം മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് കായംകുളം തുറമുഖത്തേക്ക് പോകുന്നതും തുറയിൽക്കടവ് കടത്ത് കടന്നാണ്. മുമ്പ് നാട്ടുകാർ സന്ധ്യയ്ക്ക് കടത്ത് കടന്ന് കുഴിത്തുറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തൊഴാൻ പോകുമായിരുന്നു. സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായതോടെ നാട്ടുകാരുടെ ക്ഷേത്രദർശനവും മുടങ്ങിയ അവസ്ഥയിലാണ്. കൂടാതെ കുഴിത്തുറ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും പോകുന്നത് തുറയിൽകടവ് വഴിയാണ്. ഇവരും ഭീതിയുടെ നിഴലിലാണ്.
ഡി.ജി.പിയുടെ ഉത്തരവ് നടപ്പായില്ല
സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനെതിരെ ശ്രീനാരായണ യുവജന സമിതി ഡി.ജി.പി യുടെ അദാലത്തിൽ നേരിട്ട് പരാതി നൽകിയിരുന്നു. പരാതി പരിശോധിച്ച ഡി.ജി.പി തുറയിൽക്കടവിൽ പൊലീസിന്റെ നിരന്തര നിരീക്ഷണം ഉണ്ടാകണമെന്ന് ഉത്തരവ് ഇറക്കിയെങ്കിലും ഇത് ജലരേഖയായി മാറി. ഉത്തരവ് ഇറങ്ങി ആദ്യത്തെ ഒന്നുരണ്ട് ദിവസം പൊലീസ് രാത്രികാലങ്ങളിൽ എത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. എന്നാൽ ഇതിന് ശേഷം പൊലീസിന്റെ വരവ് നിലയ്ക്കുകയും സമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം പഴയതുപോലെ തുടരുകയും ചെയ്യുകയാണ്.
മേഖലയിൽ പൊലീസിന്റെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഇതിന് അനുകൂലമായി ലഭിച്ച ഉത്തരവ് പാലിക്കപ്പെട്ടില്ല. രാത്രികാലങ്ങളിൽ ഇതുവഴി സഞ്ചരിക്കാൻ നാട്ടുകാർ ഭയക്കുകയാണ്.
സാമൂഹ്യ വിരുദ്ധരുടെ ഒളിത്താവളമായി മാറിയ തുറയിൽക്കടവിനെ ഇവരുടെ കൈകളിൽ നിന്നും മോചിപ്പിച്ച് നാട്ടുകാർക്ക് സ്വൈരമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കണം
ആനന്ദൻ, ശ്രീനാരായണ യുവജന സമിതി പ്രസിഡന്റ്