കൊല്ലം: ദളിത് യുവാവ് അനിൽകുമാറിനെ (മണിക്കുട്ടൻ- 23) ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നാളെ അപേക്ഷ നൽകും. മയ്യനാട് ആലുംമൂട് തെക്കുംകര ആതിര ഭവനിൽ അനിൽകുമാറിനെ കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ് മയക്കുമരുന്ന് മാഫിയ സംഘാംഗങ്ങളായ അനീഷ്, സന്തോഷ് എന്നിവർ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ച് കൊലപ്പെടുത്തിയത്.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊട്ടാരക്കര എസ്.സി- എസ്.ടി പ്രത്യേക കോടതിയിലാണ് അന്വേഷണ സംഘം അപേക്ഷ നൽകുക. ഇന്നലെ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘം ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് നാളത്തേക്ക് മാറ്റി. ഇന്ന് പൊങ്കലിന്റെ അവധി ആയതിനാൽ കോടതികളും അവധിയാണ്.
അനിൽകുമാറിന്റെ സഹോദരി ആതിരയുടെ ഭർത്താവാണ് അനീഷ്. അനീഷിന്റെ സുഹൃത്താണ് സന്തോഷ്. അനിലിനെ കൊലപ്പെടുത്തുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയതിന് അനീഷിനെയും സന്തോഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെയായിരുന്നു അരുംകൊല. അനിൽകുമാർ മരപ്പണിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്. അനീഷും സുഹൃത്തും പ്രദേശത്തെ ശക്തമായ ലഹരിമരുന്ന് മാഫിയയുടെ ഭാഗമാണ്. ആതിരയെ അനീഷ് നിരന്തരം ഉപദ്രവിച്ചത് ചോദ്യം ചെയ്‌തതിന്റെ പകയാണ് ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചത്. ചാത്തന്നൂർ എ.സി.പി ജോർജ് കോശിക്കാണ് അന്വേഷണ ചുമതല.