കൊല്ലം: "എന്റെ കഥയുടെ പേര് - രക്തദാനം"- ആകാശവാണിയിലൂടെ പുനലൂർ തങ്കപ്പന്റെ ശബ്ദം അന്ന് കേട്ടപ്പോൾ റേഡിയോയ്ക്ക് മുന്നിലിരുന്നവർ കാത് കൂർപ്പിച്ചു, കഥയും പാട്ടും നാടിന്റെ വിശേഷങ്ങളും ചേർത്ത് അര മണിക്കൂർ നേരം അത് നീണ്ടു. ആകാശവാണിയുടെ ചരിത്രത്തിലെ ആദ്യ കഥാപ്രസംഗമായിരുന്നു അത്. 56 വർഷം മുമ്പായിരുന്നു ആ മുഹൂർത്തം.
പാകിസ്ഥാൻ ബോംബിട്ടു തകർത്ത അംബാല ആശുപത്രിയിലെ സംഭവ ബഹുലമായ അന്തരീക്ഷവുമായി ബന്ധപ്പെട്ട് എം.കെ.ഗോപിനാഥ് എഴുതിയ കഥയാണ് പുനലൂർ തങ്കപ്പൻ കഥാപ്രസംഗമായി അവതരിപ്പിച്ചത്.
1964 ജനുവരിയിലാണ് ക്ഷണം ലഭിച്ചത്. പല കലാകാരൻമാരുടെയും ഓഡിഷൻ നടത്തിയതിൽ നിന്നും തങ്കപ്പനെയാണ് തിരഞ്ഞെടുത്തത്.
1955 മുതൽ കഥപറഞ്ഞുതുടങ്ങിയിരുന്നതിനാൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അന്ന് ആകാശവാണിയിൽ കഥപറഞ്ഞതെന്ന് തങ്കപ്പൻ ഓർക്കുന്നു. പ്രതിഫലം ചെറുതായിരുന്നെങ്കിലും പുനലൂർ തങ്കപ്പനെന്ന കാഥികനെ ആസ്വാദകർക്ക് പരിചയപ്പെടുത്താൻ ആ കഥപറച്ചിലിന് കഴിഞ്ഞു. പിന്നീട് എ ഗ്രേഡ് ആർട്ടിസ്റ്റായി നാല്പത് കഥകൾ ആകാശവാണിയിലും നൂറുകണക്കിന് കഥകൾ പൊതുവേദികളിലും പറഞ്ഞു.
വിഖ്യാത കാഥികൻ വി.സാംബശിവന്റെ കഥകൾക്ക് മൃദംഗം വായിച്ചിരുന്ന കേശവനാശാന്റെ മകനായ തങ്കപ്പന് ചെറിയ പ്രായംമുതൽ കഥാപ്രസംഗത്തോട് കമ്പം തുടങ്ങിയതാണ്. പെരിനാട് കെ.എസ്.ഭാഗവതരുടെ ഒപ്പം ഉപകരണ സംഗീതം വായിക്കാനെത്തി കഥപഠിച്ചതാണ് തങ്കപ്പൻ. ജീവിതത്തിൽ ഒപ്പം കൂട്ടിയത് പ്രശസ്ത കാഥികയായിരുന്ന പൂവത്തൂർ പൊന്നമ്മയെയാണ്. പറഞ്ഞ കഥകളിലെ പ്രണയം ഇരുവർക്കുമിടയിൽ പൂത്തതായിരുന്നു. മക്കളില്ലെങ്കിലും പുനലൂർ ലക്ഷ്മി ഭവനിൽ ജീവിത സായന്തനത്തിൽ പരസ്പരം കഥകൾ പറഞ്ഞ് നാളുനീക്കവേ അഞ്ച് മാസം മുൻപ് പൊന്നമ്മ വിടചൊല്ലി. പൊന്നമ്മയ്ക്ക് സഹായിയായി നിന്ന അജിതയ്ക്ക് ആകെയുള്ള വീടും സ്ഥലവും എഴുതി നൽകിയശേഷം തങ്കപ്പൻ പത്തനാപുരം ഗാന്ധിഭവന്റെ തണലിലേക്ക് മാറി. എൺപതിലെത്തിയതിന്റെ അവശതകൾ മറന്ന് തങ്കപ്പൻ ഇപ്പോൾ ഗാന്ധിഭവനിൽ പുതിയ കഥപറയാനുള്ള തയ്യാറെടുപ്പിലാണ്. കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ പത്ത് വർഷം വിധികർത്താവായും പങ്കെടുത്തിട്ടുണ്ട്.