fight

 മർദ്ദനം വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന്

പരവൂർ: പൂതക്കുളം കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് ജീവനക്കാരനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവത്തിൽ പൂതക്കുളം സ്വദേശി രാമനെ (44) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30ഓടെയാണ് സെക്ഷൻ ഓഫീസ് ജീവനക്കാരനായ പാരിപ്പള്ളി സ്വദേശി എസ്.ബി നിവാസിൽ സനൽകുമാറിനെ ഇയാൾ മർദ്ദിച്ചത്.

ടച്ചിങ്ങുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയ്ക്ക് പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനായി ഓഫീസിലെത്തിയ രാമൻ ജീവനക്കാരെ അസഭ്യം പറയുകയും സാധനങ്ങൾ നശിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. സനൽകുമാറിനെ കൂടാതെ മറ്റ് രണ്ട് ജീവനക്കാരെയും ഇയാൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പറയുന്നു.

അക്രമത്തെ തുടർന്ന് മടങ്ങാൻ തുടങ്ങിയ രാമനെ ജീവനക്കാർ ഗേറ്റ് പൂട്ടി തടഞ്ഞെങ്കിലും ഗേറ്റ് തുറന്ന് ഇയാൾ അവിടെ നിന്ന് രക്ഷപ്പെട്ടു. തുടർന്ന് എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ചുണ്ടിനും വലത് കൈയ്ക്കും സാരമായി പരുക്കേറ്റ സനലിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.