കെട്ടിട നിർമ്മാണത്തിന് പോസ്റ്റൽ വകുപ്പിന് താത്പര്യമില്ല
കൊല്ലം: പാരിപ്പള്ളി ജംഗ്ഷന്റെ ഹൃദയഭാഗത്ത് കഴിഞ്ഞ 30 വർഷമായി ഒഴിഞ്ഞ് കിടക്കുന്ന ഭൂമി വിലയ്ക്ക് വാങ്ങി ബസ് സ്റ്റാൻഡ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെ ബസ് സ്റ്റാൻഡ് വന്നാൽ ജംഗ്ഷനിലെ ഗതാഗത കുരുക്കിനും പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
1989ൽ 68,000 രൂപയ്ക്കാണ് പാരിപ്പള്ളി പോസ്റ്റ് ഓഫീസിന് സ്വന്തം കെട്ടിടം നിർമ്മിക്കാൻ പോസ്റ്റൽ വകുപ്പ് 15 സെന്റ് ഭൂമി വാങ്ങിയത്. കാര്യമായ വരുമാനം ഇല്ലാത്ത സാഹചര്യത്തിൽ പുതിയ കെട്ടിട നിർമ്മാണത്തിലേക്ക് പോസ്റ്റൽ വകുപ്പ് ഇനി കടക്കില്ലെന്നാണ് സൂചന. പഞ്ചായത്തോ സംസ്ഥാന സർക്കാരോ ഭൂമി ഏറ്റെടുത്തില്ലെങ്കിൽ ജംഗ്ഷന്റെ ഹൃദയഭാഗത്തുള്ള ഈ ഭൂമി പാമ്പ് വളർത്തൽ കേന്ദ്രമായും ഇഴജന്തുക്കളുടെ താവളമായും മാറും.
ബസുകൾ കൂട്ടത്തോടെ റോഡ് വക്കിൽ പാർക്ക് ചെയ്യുന്നതാണ് പാരിപ്പള്ളി ജംഗ്ഷനിലെ ഗതാഗത കുരുക്കിന്റെ പ്രധാന കാരണം. വീതിയില്ലാത്ത പരവൂർ, മടത്തറ റോഡുകളിൽ പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ ബസുകൾ പാർക്ക് ചെയ്യാറുണ്ട്. ഇതോടെ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാനാകാതെ റോഡ് കുരുങ്ങി മുറുകുന്നതിനൊപ്പം കാൽനടയാത്രക്കാർക്കും സഞ്ചരിക്കാനാകാത്ത അവസ്ഥയാകും. ദേശീയപാതയിലും സ്ഥിതി സമാനമാണ്.
ആശ്വാസമാകും
ജംഗ്ഷനിൽ സ്റ്റാൻഡ് വന്നാൽ ബസുകൾ അവിടെ പാർക്ക് ചെയ്ത ശേഷം പുറപ്പെടുന്ന സമയത്തിന് തൊട്ടുമുമ്പേ സ്റ്റോപ്പുകളിലേക്ക് എത്തിയാൽ മതി. യാത്രക്കാർക്കും ബസിലെ ജീവനക്കാർക്കും വിശ്രമിക്കാനുള്ള ഇടവുമാകും.
പാരിപ്പള്ളിയിൽ നിലവിൽ ഗതാഗത കുരുക്ക് അതിരൂക്ഷമാണ്. മെഡിക്കൽ കോളേജ്, എൻജിനിയറിംഗ് കോളേജ്, സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് ആയിരങ്ങളാണ് പാരിപ്പള്ളി ജംഗ്ഷനിലെത്തുന്നത്. തിരക്കേറിയ സമയങ്ങളിൽ ജംഗ്ഷൻ കുരുങ്ങി മുറുകും. ഇതുകാരണം ഉപഭോക്താക്കൾ ജംഗ്ഷനിലേക്ക് എത്താൻ മടിക്കുകയാണ്. ഇത് വ്യാപാര സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒഴിഞ്ഞ സ്ഥലം ഏറ്റെടുത്ത് ബസ് സ്റ്റാൻഡ് നിർമ്മിച്ചാൽ ഗതാഗത കുരുക്കിന് വലിയ അളവിൽ പരിഹാരമാകും. ഗതാഗത ക്രമീരകരണത്തിന് നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ക്രമസമാധാന പാലനത്തിൽ കൂടുതൽ ശ്രദ്ധപുലർത്താനും കഴിയും.
ബി. പ്രേമാനന്ദ് (പ്രേം ഫാഷൻ ജൂവലറി ഉടമ)