പുനലൂർ: പിന്നാക്ക ജനവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കിയതിൽ മുഖ്യപങ്ക് വഹിച്ചത് മഹാനായ ആർ.ശങ്കറാണെന്ന് എസ്.എൻ.ട്രസ്റ്റ് സെക്രട്ടറിയും ശ്രീനാരായണ കോളേജുകളുടെ മാനേജരുമായ വെളളാപ്പള്ളി നടേശൻ പറഞ്ഞു. ആർ.ശങ്കർ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ എസ്.എൻ. കോളേജുകൾ അനുവദിച്ചതിനൊപ്പം മറ്റു പിന്നാക്ക സമുദായങ്ങൾക്കും കോളേജുകൾ അനുവദിച്ചിരുന്ന കാര്യം വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
പുനലൂർ എസ്.എൻ.കോളേജിൽ മൂന്നുവർഷം നീണ്ടുനിന്ന സുവർണ ജൂബിലി ആഘോഷ പരിപാടികളുടെ സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പിന്നാക്ക ജനവിഭാഗങ്ങളുടെ ഉയർച്ചക്കായി വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിക്കണമെന്ന ശ്രീനാരായണ ഗുരുദേവന്റെ കല്പന വേദവാക്യമാക്കി മഹാനായ ആർ.ശങ്കറാണ് പുനലൂരിൽ ശ്രീനാരായണ കോളേജ് സ്ഥാപിച്ചത്. പിന്നാക്ക ജനവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലാതിരുന്നതിന് മാറ്റം വരുത്തിയത് ആർ.ശങ്കറാണ്.ആർ.ശങ്കറിനുശേഷം നമുക്ക് കോളേജുകൾ അനുവദിക്കാൻ ഒരു സർക്കാരും തയ്യാറായില്ല.നാമ മാത്രമായ ചില ബിരുദാനന്തര കോഴ്സുകൾ മാത്രമാണ് അനുവദിച്ചത്. വേണ്ടത്ര അധികാരങ്ങളും വിദ്യാലയങ്ങളും ലഭിക്കാതെ പോയി. അന്തരിച്ച ഭാനുപണിക്കരും ശ്രീധരപണിക്കരുമാണ് പുനലൂരിൽ ശ്രീനാരായണ കോളേജ് അനുവദിക്കാൻ കഠിനശ്രമം നടത്തിയത്.ഇവരെ ഒരിക്കലും മറക്കാൻ കഴിയില്ല.ആർ.ശങ്കറുമായി ഇവർക്ക് നല്ല ബന്ധമായിരുന്നു.അതുകൊണ്ടാണ് പുനലൂരിൽ കോളേജ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സുവർണ ജൂബിലി സ്മാരകമായി പണികഴിപ്പിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ സമർപ്പണവും വെള്ളാപ്പള്ളി നിർവഹിച്ചു. മന്ത്രി കെ.രാജു, നഗരസഭാ ചെയർമാൻ കെ.രാജശേഖരൻ, പുനലൂർ ആർ.ഡി.സി ചെയർമാൻ ടി.കെ.സുന്ദരേശൻ, കൺവീനർ കെ.സുരേഷ് കുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബി.ബിജു, ആർ.ഹരിദാസ്,വിനായക അജിത്ത്,വിജയകൃഷ്ണ വിജയൻ, ഡി.അനിൽകുമാർ,സുനിൽ മംഗലത്ത്, കെ.ജയപ്രകാശ് നാരായണൻ, വെളിയം ജയചന്ദ്രൻ, കെ.ബി.സലീംകുമാർ തുടങ്ങിയ നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു.