കൊല്ലം: മേവറം മുതൽ കാവനാട് വരെയുള്ള ബൈപ്പാസ് റോഡിൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണിവരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ മകന്റെ വിവാഹം ഇന്ന് ലാലാസ് കൺവെൻഷൻ സെന്ററിൽ നടക്കുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ തുടങ്ങിയ വി.ഐ.പികൾ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന സാഹചര്യത്തിലാണ് ക്രമീകരണം.
ഗതാഗത ക്രമീകരണം ഇങ്ങനെ: തിരുവനന്തപുരം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങളും കണ്ടെയ്‌നർ വാഹനങ്ങളും 8 മുതൽ 4 മണി വരെ കൊട്ടിയം - കണ്ണനല്ലൂർ - കുണ്ടറ വഴിയും കായംകുളത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങൾ ചവറ ടൈറ്റാനിയം - ശാസ്താംകോട്ട - കുണ്ടറ - കൊട്ടിയം വഴിയും പോകേണ്ടതാണ്. ഉമയനല്ലൂർ - മേവറം - അയത്തിൽ വരെയുള്ള റോഡിന്റെ വശങ്ങളിൽ ടുവീലർ, ഫോർ വീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ യാതൊരു കാരണ വശാലും പാർക്ക്ചെയ്യാൻ പാടുള്ളതല്ല. ആലപ്പുഴ ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്കും തിരികെയും പോകുന്ന പാസഞ്ചർ വാഹനങ്ങൾ മേവറം - ചിന്നക്കട - കളക്ടറേറ്റ് റോഡ് ഉപയോഗിക്കേണ്ടതാണ്. ഗതാഗതനിയന്ത്റണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി
0474 2742265, 0474 2745298, 9497930863 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.