aa
പത്തനാപുരം ഗാന്ധിഭവൻ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന 'മനുഷ്യനന്മയ്ക്കായി മാതൃസ്മരണ' പദ്ധതി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: മറ്റുള്ളവരോട് കരുണയും സഹതാപവും കാട്ടുന്നവരാണ് കേരള സമൂഹമെന്ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജനങ്ങളുടെ കൂട്ടായ്മ വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്തനാപുരം ഗാന്ധിഭവൻ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന 'മനുഷ്യനന്മയ്ക്കായി മാതൃസ്മരണ' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവരും സ്വന്തം ചുമതലകൾ നിർവഹിക്കുകയും അതുവഴി മറ്റുള്ളവർക്ക് വഴികാട്ടിയാവുകയും ചെയ്യണം. സ്വയം അറിവുള്ളവരാവണമെന്നും അദ്ദേഹം ഉപദേശിച്ചു.ഗാന്ധിഭവൻ മനുഷ്യസ്നേഹത്തിനായി പകർന്നുതരുന്ന പാഠം വളരെ വലുതാണ്.സമത്വവും സാഹോദര്യവുമാണ് ഇവിടെ ദർശിക്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലാണ് ഗവർണർ സദസ്യരെ അഭിസംബോധന ചെയ്തത്.തുടർന്ന് പ്രസംഗം ഇംഗ്ലീഷിലായി. രണ്ടു മണിക്കൂറിലേറെ അദ്ദേഹം ഗാന്ധിഭവനിൽ ചെലവഴിച്ചു.

അന്തേവാസികളെയെല്ലാം വാസസ്ഥലത്തു ചെന്നുകണ്ട് കുശലം പറഞ്ഞും അവരോടൊത്ത് ഫോട്ടോയെടുത്തും അദ്ദേഹം കുടുംബാംഗമായി മാറി.

മുരളീയ ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു.ഗാന്ധിഭവൻ ഏർപ്പെടുത്തിയ ദേശീയ അവാർഡുകൾ ജസ്റ്റിസ് ബി. കെമാൽ പാഷ, മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവ് ഡോ. സി.വി. ആനന്ദബോസ്, ഫ്‌ളവേഴ്സ് ടി.വി എം.ഡി ആർ. ശ്രീകണ്ഠൻ നായർ, സഫാരി ടി.വി സ്ഥാപകൻ സന്തോഷ് ജോർജ് കുളങ്ങര, ചലച്ചിത്ര സംവിധായകൻ സോഹൻ റോയി എന്നിവർക്ക് ഗവർണർ സമ്മാനിച്ചു.

മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ, വനിതാകമ്മിഷൻ അംഗം ഡോ. ഷാഹിദ കമാൽ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ജേർണലിസം വിഭാഗം മുൻ മേധാവി മാടവന ബാലകൃഷ്ണപിള്ള, ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ എന്നിവർ സംസാരിച്ചു.