prakkulam
പ്രാക്കുളം മണലിൽ കുമാരമംഗലം ക്ഷേത്രം

കൊല്ലം: ലോകക്ഷേമത്തിനും പ്രകൃതിസംരക്ഷണത്തിനും വേണ്ടി ഗുരുപാദം വേദിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിശ്വമംഗള യാഗം നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രാക്കുളം മണലിൽ കുമാരമംഗലം ക്ഷേത്രത്തിൽ 17ന് യാഗം ആരംഭിക്കും. വേദശ്രീ പള്ളിക്കൽ മണികണ്ഠൻ ആചാര്യനും ഡോ. ഗണേശൻ തന്ത്റി യാഗഹോതാവുമാണ്.
16ന് രാവിലെ ചെമ്പഴന്തി ഗുരുകുലത്തിൽ നിന്നേ​റ്റുവാങ്ങുന്ന ഭദ്റദീപം വിവിധക്ഷേത്രങ്ങൾ സന്ദർശിച്ച് വൈകിട്ട് കാഞ്ഞാവെളി വേളിക്കാട്ടു ക്ഷേത്രത്തിലെത്തും. 6.30 ഓടെ യാഗശാലയിലെത്തിച്ചേരുന്ന ദീപത്തെ 108 നാരിമാർ 108 നിലവിളക്കുകൾ തെളിച്ച് സ്വീകരിക്കും. ചെമ്പഴന്തിയിലെ സ്വാമി ശുഭകാനന്ദ, സ്വാമി വിശാലാനന്ദ, ശിവഗിരി മഠം തന്ത്റി സലിമോൻ എന്നിവർ ചേർന്ന് ഭദ്റദീപ പ്രതിഷ്ഠ നിർവഹിക്കും. തുടർന്ന് എം.മുകേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്റി കെ. രാജു ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പങ്കെടുക്കും. ഡോ. ജയനാരായൺ, ഡോ. സി.ആർ. അജയകുമാർ, സംവിധായകൻ ഹരികുമാർ എന്നിവരെ ആദരിക്കും. ശുദ്ധിക്രിയകൾക്കുശേഷം യാഗശാലയിൽ ആചാര്യൻ വേദശ്രീ പള്ളിക്കൽ മണികണ്ഠന്റെ കാർമ്മികത്വത്തിൽ കൊടിനാട്ടും.
17ന് യാഗശാലയിലെ 108 കുണ്ഡങ്ങളിൽ മഹാശാന്തി ഹവനം. ഭക്തർ നേരിട്ട് മന്ത്റങ്ങൾ ചൊല്ലി ആഹുതി അർപ്പിക്കും. 9.30ന് സംഘാടകസമിതി രക്ഷാധികാരിയും എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ പ്രസിഡന്റുമായ ഡോ. ജി. ജയദേവന്റെ അദ്ധ്യക്ഷതയിൽ ശ്രീനാരായണ സംഗമം എസ്.എൻ ട്രസ്​റ്റ് ബോർഡംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. ഡോ.ബി.സീരപാണി മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ, കുണ്ടറ യൂണിയൻ സെക്രട്ടറി എസ്. അനിൽകുമാർ, കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, കൊട്ടാരക്കര യൂണിയൻ സെക്രട്ടറി വിശ്വംഭരൻ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി സോമരാജൻ, കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റെസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. ജെ.ഡി. ഗോപനെ ആദരിക്കും. വൈകിട്ട് 5.30ന് വ്യവസായസമ്മേളനം മന്ത്റി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
18ന് ഗണപതി പ്രാധാന്യം വർണിക്കും ഗ്രന്ഥങ്ങൾ യജ്ഞവേദിയിൽ പാരായണം ചെയ്യും. 19 ന് യജ്ഞശാലയിൽ അശ്വാരൂഢ ഹവനം, മഹാശനീശ്വര ഹവനം. 20 ന് സ്‌കന്ദ മഹാത്മ്യദിനത്തിൽ യാഗശാലയിൽ കുമാരഹവനം. 21ന് രാവിലെ യജ്ഞവേദിയിൽ ദേവീമാഹാത്മ്യം, ദേവീഭാഗവതം എന്നിവ പാരായണം ചെയ്യും. രാവിലെ 11ന് ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് സനുവിന്റെ അദ്ധ്യക്ഷതയിൽ ആദ്ധ്യാത്മിക സമ്മേളനം തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതീബായി ഉദ്ഘാടനം ചെയ്യും. 22ന് യജ്ഞവേദിയിൽ കുചേല സദ്ഗതിയുടെ രംഗാവിഷ്‌കാരം, സന്താനസൗഭാഗ്യത്തിനായി തൊട്ടിൽവയ്പ് തുടങ്ങിയ ചടങ്ങുകൾ. ഭദ്റദീപ പ്രകാശനം സ്വാമി സൂക്ഷ്മാനന്ദ നിർവഹിക്കും. എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഭാര്യ പ്രീതി നടേശൻ എന്നിവർ മുഖ്യാതിഥികളാകും. സാമുദായിക സാംസ്‌കാരിക മേഖലകളിലെ വിവിധ വ്യക്തിത്വങ്ങൾ ദമ്പതീപൂജയിൽ പങ്കെടുക്കും.
23 ന് വൈകിട്ട് സമാപനസമ്മേളനവും ഗുരുപാദ പുരസ്‌കാര വിതരണവും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡോ. ബിജു രമേശ് മുഖ്യാതിഥിയാകും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി ലോകേശാനന്ദ, കുമ്മനം രാജശേഖരൻ, പ്രൊഫ. പി.ജെ. കുര്യൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, ഉഴമലയ്ക്കൽ വേണു, ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.പി. ജയച്ചന്ദ്രൻ, അനിൽ നമ്പ്യാർ തുടങ്ങിയവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ഗുരുപാദം ട്രസ്​റ്റ് ചെയർമാൻ ഡോ. ഗണേശൻ തന്ത്റി, ശശി മുരുകാലയം, മോഹൻ ബി. കണ്ണങ്കര, ഷാൻ സുരേഷ് എന്നിവർ പങ്കെടുത്തു.