അഞ്ചാലുംമൂട്: നാല് ദശാബ്ദത്തിന്റെ കാത്തിരിപ്പിനൊടുവിൽ കൊല്ലം ജനതയുടെ സ്വപ്നം പൂർത്തിയായിട്ട് ഇന്ന് ഒരു വയസ്. കഴിഞ്ഞ വർഷം ഇതേദിവസം പ്രധാനമന്ത്രി ബൈപാസ് ജനങ്ങൾക്കായി തുറന്ന് കൊടുത്തപ്പോൾ കൊല്ലം ജനത ഉത്സവാന്തരീക്ഷത്തിലാണ് ആഘോഷിച്ചത്. പക്ഷേ ഒരുവർഷത്തിനിപ്പുറം ബൈപാസ് കൊല്ലത്തുകാർക്ക് ആശങ്കയുടെ ദിനങ്ങളാണ് ഓരോ ദിവസവും സമ്മാനിച്ചത്.
അപകടങ്ങളുടെ തുടർക്കഥ
മേവറം മുതൽ കാവനാട് വരെയുള്ള 13.4 കിലോമീറ്റർ നീളമുള്ള ബൈപാസിൽ ദിനംപ്രതി ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. അപകടങ്ങൾക്ക് തടയിടാനോ നിയന്ത്രിക്കാനോ അധികൃതർക്ക് സാധിക്കുന്നുമില്ല. അമിതവേഗവും ആവേശവും മൂലമാണ് അപകടങ്ങളിൽ ഏറെയും ഉണ്ടായതെങ്കിലും ബോധവൽക്കരണങ്ങൾക്കും പരിശോധനകൾക്കും അവയ്ക്ക് തടയിടാൻ കഴിഞ്ഞില്ല.
ബൈപാസ് തുറന്നുനൽകി ദിവസങ്ങൾക്കുള്ളിൽ കല്ലുംതാഴത്ത് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ലോറിയിടിച്ച് മരിച്ചതാണ് ബൈപാസിലെ ആദ്യ അപകടം. തുടർന്ന് ആഴ്ചയിൽ ഒന്നെന്ന രീതിയിൽ അപകടമരണങ്ങൾ തുടർക്കഥയായി. ഇതോടെ അന്നത്തെ ജില്ലാ കളക്ടർ കാർത്തികേയൻ ഇടപെട്ട് നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി. തുടർന്ന് ബൈപ്പാസിൽ ഇന്റർസെപ്ടർ ഉൾപ്പെടെയുള്ളവയുടെ സേവനം പൊലീസ് ഉപയോഗപ്പെടുത്തിയെങ്കിലും പൂർണ്ണമായ ഫലത്തിലെത്തിക്കാൻ പൊലീസിന് കഴിഞ്ഞില്ല. ബൈപാസിൽ അപകടം തുടർക്കഥ ആയപ്പോൾ ദീർഘദൂര കരാർ വാഹനങ്ങൾ ബൈപാസ് ഉപേക്ഷിച്ച് നഗരത്തിലൂടെ യാത്ര നടത്തുന്ന അവസ്ഥയിലേക്ക് എത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്.
തീരുമാനങ്ങളുണ്ട്.. നടപ്പാകുന്നില്ല
ബി. അബ്ദുൽ നാസർ ജില്ലാ കളക്ടറായി ചുമതലയേറ്റപ്പോൾ ആദ്യപരിഗണന നൽകിയത് ബൈപാസ് അപകട നിവാരണം എന്നതിനായിരുന്നു. ബൈപാസിലേക്ക് എത്തിച്ചേരുന്ന ചെറുറോഡുകളിൽ ഹമ്പുകൾ സ്ഥാപിക്കുക, വാഹനപ്പെരുപ്പം കൂടുതലുള്ള നീരാവിൽ, കോട്ടയ്ക്കകം, മങ്ങാട്, പാൽക്കുളങ്ങര തുടങ്ങി ഏഴിടങ്ങളിൽ സിഗ്നൽ സംവിധാനം, അഞ്ചിടങ്ങളിൽ ആധുനിക കാമറകൾ സ്ഥാപിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കളക്ടർ നൽകിയെങ്കിലും ഹമ്പ് സ്ഥാപിക്കുന്നത് ഒഴികെ മറ്റൊന്നും ഇതുവരെ നടപ്പിലായിട്ടില്ല.
രാഷ്ട്രീയ അട്ടിമറി ?
കരാർ പ്രകാരം എക്സ്പ്രസ്സ് ഹൈവേയുടെ സാങ്കേതിക തികവോടെയാണ് ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നത്. ഇടറോഡുകളിൽ നിന്നുള്ള വാഹനങ്ങളുടെ പ്രവേശനം നിശ്ചിത സ്ഥലങ്ങളിലൂടെ മാത്രമായി നിജപ്പെടുത്തുന്ന തരത്തിലുള്ള രൂപരേഖ രാഷ്ട്രീയ ഇടപെടലുകളിലൂടെ അട്ടിമറിച്ചതും ഇപ്പോഴത്തെ ബൈപ്പാസിന്റെ അവസ്ഥയ്ക്ക് കാരണമായെന്ന് പറയാം.
വലിയ വാഹനങ്ങൾക്ക് നിയമ പ്രകാരം 80 കിലോമീറ്റർ വേഗതയാണ് നിജപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇരുചക്ര വാഹനങ്ങൾ പോലും 100 കിലോമീറ്റർ വേഗതയ്ക്ക് മുകളിലാണെന്നതാണ് സത്യം. പൊലീസ് പരിശോധനയുടെ ഭാഗമായി നിറുത്താൻ ആവശ്യപ്പെട്ടാലും ബൈക്ക് യാത്രികർ നിറുത്താറില്ലാത്ത സാഹചര്യവുമുണ്ട്.
സംവിധാനങ്ങളാകെ പ്രശ്നം
ഒരുവർഷത്തിനിടെ കല്ലുംതാഴം, കടവൂർ, അയത്തിൽ ജംഗ്‌ഷനുകളിൽ അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ എണ്ണം നൂറിന് മുകളിലാണ്. ഇവയുടെ പ്രധാനകാരണം സിഗ്നൽ തൂണുകളിൽ സ്ഥാപിച്ചിട്ടുള്ള ടൈമർ ആണെന്നതാണ് നാട്ടുകാരുടെ പക്ഷം. റെഡ് സിഗ്നൽ ചാടിക്കടക്കാനുള്ള അമിതാവേശം പരസ്പരം മുറിച്ചുകടക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ കാരണമാകുന്നുണ്ട്.