കുണ്ടറ: കുമ്പളം പാവട്ടുമൂല സെന്റ് സെബാസ്റ്റ്യൻ കുരിശ്ശടിക്കു സമീപം മൽസ്യത്തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട അടിപിടി കേസിൽ പടപ്പക്കര സ്വദേശി ആന്റണി ദാസിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു.നാന്തിരിക്കൽ കളീലുവിള പുത്തൻ വീട്ടിൽ ഫ്രാൻസിസ്, ആഗ്നസ് ദമ്പതികളുടെ മകൻ സീനുവാണ് (42) മരിച്ചത്.
മരണ കാരണം വ്യക്തമല്ലാത്തതിനാൽ, സീനുവിനൊപ്പം ഉണ്ടായിരുന്ന അജിതോമസ് തങ്ങളെ മർദ്ദിച്ചുവെന്ന് പറഞ്ഞ് നൽകിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
പൊലീസ് പറയുന്നത്: കുരിശ്ശടിയിൽ പെരുന്നാളുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഗാനമേള നടന്നിരുന്നു. സീനുവും സുഹൃത്ത് അജി തോമസും ഗാനമേള കാണാനെത്തി. കരിക്കുഴി സ്വദേശി ആന്റണിദാസ് (25) ഡാൻസു കളിച്ച് ഇരുവരുടെയും ദേഹത്ത് തട്ടുകയും ഇവർ തള്ളിമാറ്റുകയും ചെയ്തു. പിന്നീട് ആന്റണി ദാസ് വടിയുമായി എത്തി ഇവരെ ആക്രമിച്ചു. അജി തോമസിന്റെ തലയ്ക്ക് പരിക്കേറ്റു. സീനു ചവിട്ടേറ്റ് നിലത്തുവീഴുകയും ചെയ്തു.മുറിവേറ്റതിനാൽ അജി തോമസ് ഒറ്റയ്ക്ക് ആശുപത്രിയിലെത്തി പരിക്ക് തുന്നിക്കെട്ടിയശേഷം കുണ്ടറ പൊലീസ് സ്‌റ്റേഷനിലെത്തി ആന്റണി ദാസിനെതിരെ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നിലത്തുവീണ സീനുവിന് എന്തുപറ്റിയെന്ന് അജി തോമസിന് അറിയില്ല.
അതേസമയം, സിനുവിന്റെ കഴുത്തിന് പരിക്കേറ്റതാണ് മരണകാരണമെന്ന് മൃതദേഹപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അജിതോമസിനെ ആക്രമിച്ച കേസിൽ ആന്റണി ദാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച രാവിലെ 8 മണിയോടെ കുമ്പളം പാവട്ടുമൂല കുരിശടിയ്ക്ക് സമീപം 30 അടിയോളം താഴ്ചയിലുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് സീനുവിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. സീനു മരിച്ച സ്ഥലത്തെ ഫോട്ടോ വീഡിയോ ദൃശ്യങ്ങൾ ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. അടിപിടിയെ തുടർന്ന് ഓടുന്നതിനിടയിൽ താഴേക്കു വീണുണ്ടായ മരണമാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ഇത് പരിശോധിക്കുന്നത്. മരിച്ചതിനുശേഷമുള്ള പരിക്കാണോ ദേഹത്ത് കണ്ടതെന്നും പരിശോധിക്കും. ഇരുട്ടിന്റെ മറവിൽ സീനുവിനെ വീണ്ടും മർദ്ദിച്ചതാണോ മരണകാരണമെന്നും പരിശോധിക്കും. പെരുനാളുമായി ബന്ധപ്പെട്ട് പ്രദേശത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചത്. ഫോറൻസിക് വിഭാഗം തെളിവുകൾ ശേഖരിച്ചിരുന്നു. കുണ്ടറ സി.ഐ.ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. നാന്തിരിക്കൽ സെന്റ് റീത്താസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു.