കൊല്ലം: ജില്ലയിൽ പരമാവധി ഗാർഹിക പൈപ്പ് കണക്ഷനുകൾ നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി. കളക്ടറേറ്റിൽ ജില്ലയിലെ കുടിവെള്ള പദ്ധതികളുടെ അവലോകനം നടത്തുകയായിരുന്നു മന്ത്രി.
ജൽജീവൻ മിഷനിൽ ഉൾപ്പെടുത്തി 12,500 പുതിയ കണക്ഷനുകൾ നൽകണം. നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന വാട്ടർ കണക്ഷനുകൾക്ക് പുറമേയാണിത്. വരൾച്ചാകാലത്തെ ജലദൗർലഭ്യ പ്രശ്നങ്ങൾ മറികടക്കുന്നതിന് കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണം. നിലവിലുള്ള കുടിവെള്ള പദ്ധതികൾ പരിപാലിക്കുന്നതിനൊപ്പം പുതിയവ കണ്ടെത്തണം.
വരൾച്ച നേരിടുന്നതിന് എം. എൽ. എമാരുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി, ഭൂഗർഭജല - ജലസേചന - പൊതുമരാമത്ത് - വൈദ്യുതി തുടങ്ങിയ വകുപ്പുകളുടെ യോഗം വിളിക്കണം. റോഡ് മുറിക്കൽ ആവശ്യമായ ഘട്ടങ്ങളിൽ എം. എൽ. എ മാരുടെ സഹായത്തോടെ അനുമതി വേഗത്തിലാക്കണം. പൈപ്പ് പൊട്ടലുകൾ നിയന്ത്രിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണം. ജലവിതരണ ശൃംഖലയിലെ മർദ്ദം ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിക്കണം.
2021 മാർച്ചോടെ ഞാങ്കടവ് കുടിവെള്ള പദ്ധതി പൂർത്തീകരിക്കാൻ കഴിയണം. വിളക്കുടി-മേലില-വെട്ടിക്കവല പദ്ധതി, മാങ്കോട് പദ്ധതി എന്നിവ ജൽജീവൻ മിഷന്റെ ഭാഗമാക്കും. തൊടിയൂർ, തഴവ, കുലശേഖരപുരം എന്നിവിടങ്ങളിലായി നാല് കുഴൽക്കിണറുകൾ അടിയന്തരമായി സ്ഥാപിക്കണം. കല്ലുവാതുക്കൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനും നിർദ്ദേശമുണ്ട്.
എം. എൽ. എമാരായ മുല്ലക്കര രത്നാകരൻ, കോവൂർ കുഞ്ഞുമോൻ, ജി. എസ്. ജയലാൽ, എം. നൗഷാദ്, ആർ. രാമചന്ദ്രൻ, വിവിധ എം. എൽ. എമാരുടെ പ്രതിനിധികൾ, എ. ഡി. എം. പി. ആർ. ഗോപാലകൃഷ്ണൻ, വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ ജി. ശ്രീകുമാർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ പ്രകാശ് ഇടിക്കുള, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ ഷംസുദീൻ, വാട്ടർ അതോറിറ്റി എക്സിക്യുട്ടിവ് എഞ്ചിനീയർമാരായ സി. സജീവ്, ശ്രീലത, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.