കൊല്ലം: തൃക്കരുവ പഞ്ചായത്തിലെ പ്രാക്കുളം ഇനി മത്സ്യ - കണ്ടൽ സംരക്ഷിത മേഖല. ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന അഷ്ടമുടിക്കായൽ മത്സ്യസമ്പത്ത് സംരക്ഷണവും പരിപാലനവും പദ്ധതിയുടെ ഭാഗമായി മത്സ്യ - കണ്ടൽ സംരക്ഷിത മേഖലാപ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി നിർവഹിച്ചു. കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്തു. പ്രാക്കുളം ഐപ്പുഴ സെന്റ് എലിസബത്ത് ദേവാലയ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനവും നിർവഹിച്ചു.
അഷ്ടമുടിക്കായലിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം പദ്ധതികളിൽ മത്സ്യതൊഴിലാളികളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി മത്സ്യ സംരക്ഷിത പ്രദേശങ്ങൾ സൃഷ്ടിക്കുന്നതിന് അഞ്ച് പ്രധാന പ്രദേശങ്ങൾ തിരഞ്ഞെടുത്ത് ആദ്യഘട്ട ഉദ്ഘാടനം പെരിനാട് പുലിക്കുഴി കടവിൽ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നേരത്തെ നിർവഹിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പ്രവർത്തനം. ഇതിനൊപ്പം കക്ക സംരക്ഷണത്തിനും പ്രത്യേക പരിഗണന നൽകുന്നുണ്ട്.
മത്സ്യ തൊഴിലാളികളുടെ നേതൃത്വത്തിൽ കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ച് മത്സ്യ കുഞ്ഞുങ്ങളുടെ പ്രജനനത്തിനായി സ്വാഭാവിക ചുറ്റുപാട് നിർമ്മിച്ച് അതിലേക്ക് കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന രീതിയാണ് ഇവിടെ. ഈ പ്രദേശം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ മത്സ്യബന്ധനം നടത്തരുതെന്ന കർശന നിർദ്ദേശം മത്സ്യത്തൊഴിലാളികൾക്ക് നൽകി. സിസിടിവി ഉൾപ്പടെ സംവിധാനങ്ങളും ഏർപ്പെടുത്തി.
തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ പിള്ള അധ്യക്ഷനായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. ഗീതാകുമാരി, തൃക്കരുവ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നന്ദിനി, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. അനിത, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.