കൊല്ലം: പാതയോരങ്ങളിൽ കുറ്റിക്കാടും പുല്ലും ഉണങ്ങിക്കരിയുന്നതിനാൽ തീ പിടിത്തത്തിന് സാദ്ധ്യതയേറുന്നു. കേരളപുരം ഭാഗത്ത് ഉണങ്ങിയ പുല്ലുകൾ ഏത് നിമിഷവും തീപടരുമെന്ന നിലയിലാണ്. ഒരു തീക്കമ്പ് വീണാൽ തീ പടർന്നുപിടിക്കാൻ പാകത്തിൽ ഉണങ്ങി നിൽക്കുകയാണ് ഇവിടെ പുല്ലും മറ്റ് ചെടികളും. കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് പലയിടങ്ങളിലും ഇത്തരത്തിൽ വലിയ തോതിൽ കുറ്റിക്കാടുകൾ വളർന്നുനിൽപ്പുണ്ട്.
ജില്ലയിൽ തീപിടിത്തം വ്യാപകമാകുമ്പോഴും ഉണങ്ങിയ കുറ്റിക്കാടുകൾ വെട്ടിവൃത്തിയാക്കാൻ അധികൃതർ ജാഗ്രത കാട്ടുന്നില്ലെന്ന് ആരോപണമുണ്ട്. റെയിൽവേ പാലത്തിനും ദേശീയപാതയ്ക്കും ഇടയിലുള്ള പ്രദേശങ്ങളിൽ കാട് വെട്ടാനും വൃത്തിയാക്കാനും ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അപകടസാധ്യതയെ അവഗണിക്കുന്നതായി ആക്ഷേപമുണ്ട്.
ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നൂറിലധികം തീ പിടിത്തമാണുണ്ടായത്. ഫയർഫോഴ്സ് അധികൃതരുടെ സമയോചിതമായ ഇടപെടലുകളാൽ വലിയ ദുരന്തങ്ങളിലേക്ക് എത്തിയില്ലെന്ന് മാത്രം. രാത്രികാലങ്ങളിൽ തീ പടരുമ്പോഴാണ് അപകടം ഏറുന്നത്.