പുനലൂർ:പട്ടിക ജാതി, പട്ടിക വർഗ ജനവിഭാഗങ്ങളുടെ ഉന്നമനങ്ങൾക്കായി സർക്കാർ നിക്കിവയ്ക്കുന്ന പ്രത്യേക ഫണ്ടുകൾ താഴെത്തട്ടിലെ ജനങ്ങൾക്ക് ലഭിക്കാറില്ലെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പുനലൂർ നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് സൗജന്യമായി നൽകിയ കട്ടിലുകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പല പദ്ധതികളിലും ഉൾപ്പെടുത്തി ഇവർക്ക് വീടുകൾ നൽകാറുണ്ടെങ്കിലും ആവശ്യമായ ഫർണീച്ചറുകൾ ലഭിക്കാത്തത് കാരണം തറയിൽ കിടന്ന് ഉറങ്ങേണ്ട സ്ഥിതിയാണ് ഇപ്പോൾ. ഇത് കണക്കിലെടുത്താണ് നഗരസഭ പാവപ്പെട്ട വയോജനങ്ങൾക്ക് സൗജന്യമായി കട്ടിലുകൾ വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
നഗരസഭ ചെയർമാൻ കെ. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ഉപാദ്ധ്യക്ഷ സുശീല രാമചന്ദ്രൻ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ സുഭാഷ് ജി. നാഥ്, വി. ഓമനക്കുട്ടൻ, ബി. സുജാത, അംജത്ത് ബിനു, കൗൺസിലർമാരായ എം.എ. രാജഗോപാൽ, നെൽസൺ സെബാസ്റ്റ്യൻ, എസ്. സുബിരാജ്, സിന്ധു ഗോപകുമാർ, വിവിധ കക്ഷി നേതാക്കളായ കെ. ധർമ്മരാജൻ, പി. ബാനർജി, ചാലിയക്കര രാജേഷ്, എം.എം. ജലീൽ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് നാപ്കിൻ ഡിസ്ട്രോയറും തുണി സഞ്ചികളും മന്ത്രി വിതരണം ചെയ്തു.