അർഹരല്ലാത്തവർക്ക് രേഖകൾ തിരുത്തി ആനുകൂല്യം നൽകിയെന്ന് ഓഡിറ്റ് റിപ്പോർട്ട്
നഗരസഭയ്ക്ക് 8.5 ലക്ഷം രൂപയുടെ നഷ്ടം
ഒരു വർഷം മുമ്പ് നിർമ്മാണം പൂർത്തിയായ വീടിനും പുനരുദ്ധാരണത്തിന് പണം
കൊല്ലം: നഗരസഭയുടെ 2017-18 വർഷത്തെ ഭവന പുനരുദ്ധാരണ പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. പദ്ധതിയുടെ മാനദണ്ഡങ്ങൾ പ്രകാരം അർഹരല്ലാത്ത ഗുണഭോക്താക്കൾക്ക് രേഖകൾ തിരുത്തി ആനുകൂല്യം നൽകിയെന്നാണ് കണ്ടെത്തൽ. ഇതിലൂടെ 8.5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
പദ്ധതിയും പാളിച്ചയും
കാലപ്പഴക്കമുള്ള വീടുകൾ പുനരുദ്ധരിച്ച് വാസയോഗ്യമാക്കാനുള്ളതായിരുന്നു പദ്ധതി. 1275 കുടുംബങ്ങൾക്ക് 25000 രൂപ വീതം ധനസഹായം നൽകാൻ 3,18,75,000 രൂപയാണ് നീക്കിവച്ചിരുന്നത്. സർക്കാർ ഉത്തരവ് പ്രകാരം എട്ട് വർഷത്തിലധികം കാലപ്പഴക്കമുള്ള വീടുകൾക്കേ ആനുകൂല്യം അനുവദിക്കാനാകൂ. പക്ഷേ വീട് നിർമ്മാണം പൂർത്തിയാക്കിയതിന്റെ രേഖയിലെ വർഷം തിരുത്തി 34 അപേക്ഷകർക്ക് അനധികൃതമായി 25,000 രൂപ വീതം അനുവദിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് വീട് നിർമ്മാണം പൂർത്തിയാക്കിയവർക്കും പുനരുദ്ധാരണത്തിന് പണം അനുവദിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ ഒത്താശയോടെ
രേഖകൾ തിരുത്താൻ ഉദ്യോഗസ്ഥരുടെ ഒത്താശ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന. ഗുണഭോക്താക്കൾ സമർപ്പിച്ച സാക്ഷ്യപത്രത്തിൽ വീട് നിർമ്മാണം പൂർത്തിയാക്കിയ തീയതിയിലെ തിരുത്തലുകൾ വളരെ പ്രകടമാണ്. അതുകൊണ്ടാണ് ഓഡിറ്റ് ഉദ്യോഗസ്ഥർക്ക് ക്രമക്കേട് കണ്ടെത്താനായത്. എന്നാൽ പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥർ തിരുത്തലുകൾ ബോധപൂർവ്വം അവഗണിക്കുകയോ കൂട്ടുനിൽക്കുകയോ ആയിരുന്നു. ക്രമക്കേട് സംബന്ധിച്ച് ഓഡിറ്റ് ഉദ്യോഗസ്ഥർ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും കൃത്യമായ മറുപടിയും നൽകിയിട്ടില്ല.
ഭരണതലത്തിൽ ഇടപെടൽ ?
നഗര ദാരിദ്ര്യ നിർമ്മാർജ്ജന സെൽ പ്രോജക്ട് ഓഫീസറായിരുന്നു പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ. ക്രമക്കേട് നടത്തിയതിലൂടെ സംഭവിച്ച നഷ്ടം നിർവഹണ ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കാനും ഓഡിറ്റ് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. 34 പേർക്ക് രേഖകൾ തിരുത്തി ആനുകൂല്യം അനുവദിച്ചതിന് പിന്നിൽ ഭരണതലത്തിൽ നിന്നുള്ള ഇടപെടൽ ഉണ്ടോയെന്ന സംശയമുണ്ട്.
ഭവന പുനരുദ്ധാരണ പദ്ധതി
പദ്ധതി തുക 3,18,75000 രൂപ
1275 കുടുംബങ്ങൾക്ക്
25000 രൂപ വീതം ധനസഹായം
ആനുകൂല്യം 8 വർഷത്തിലധികം കാലപ്പഴക്കമുള്ള വീടുകൾക്ക്
രേഖകൾ തിരുത്തി ആനുകൂല്യം നൽകിയത് 34 പേർക്ക്