കൊല്ലം: ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ വീട്ടമ്മയുടെ മൃതദേഹം പള്ളി സെമിത്തേരിയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. കുണ്ടറ വെള്ളിമൺ നാന്തിരിയ്ക്കൽ ഷിനുഭവനിൽ സിംസന്റെ ഭാര്യ ഷീലയുടെ (46) മൃതദേഹമാണ് നാളെ (വെള്ളി) രാവിലെ 8 ന് ആർ.ഡി.ഒ യുടെ സാന്നിദ്ധ്യത്തിൽ നാന്തിരിയ്ക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ നിന്ന് പുറത്തെടുക്കുന്നത്. റൂറൽ ക്രൈംബ്രാഞ്ച് പൊലീസ്, മെഡിക്കൽ ടീം, ഫോറൻസിക് വിദഗ്ധർ, പള്ളി അധികാരികൾ, ഷീലയുടെ ബന്ധുക്കൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ പൊലീസ് സർജനാണ് പോസ്റ്റ്മോർട്ടം നടപടികൾക്ക് നേതൃത്വം നൽകുക.
ഷീലയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ് നാന്തിരിയ്ക്കൽ ഷീന ഭവനിൽ സ്റ്റാൻസിയാണ് ആദ്യം കൊല്ലം റൂറൽ എസ്.പിക്ക് നൽകിയത്. 2018 ജൂലായ് 29ന് രാത്രി 10 മണിയോടെ അവശനിലയിൽ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷീലയെ ആശുപത്രി അധികൃതരുടെ നിർദ്ദേശ പ്രകാരം കൊല്ലത്തെ സ്വകാര്യ മെഡി. കോളേജിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കുണ്ടറയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് സഹോദരിയടക്കം പറഞ്ഞെങ്കിലും പോസ്റ്റ്മോർട്ടം നടത്താതെ 31ന് നാന്തിരിയ്ക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു. ബന്ധുക്കൾക്ക് പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുക്കാതിരുന്നത് വിവാദമായിരുന്നു. ഷീലയുടെ ഭർത്താവ് സിംസൺ, മകൻ, ബന്ധുക്കളായ രണ്ടുപേർ, പ്രദേശത്തെ സി.പി.എം പഞ്ചായത്തംഗം എന്നിവരെ എതിർകക്ഷികളാക്കിയാണ് സ്റ്റാൻസി അന്ന് പൊലീസിൽ പരാതി നൽകിയത്. വീട്ടിൽ അനുഭവിക്കേണ്ടിവന്ന നിരന്തര പീഡനത്തെ തുടർന്നാണ് ഷീല മരിച്ചതെന്നും സ്വാഭാവിക മരണം അല്ലെന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യണമെന്നുമായിരുന്നു മാതാവ് പരാതിയിൽ ആവശ്യപ്പെട്ടത്. സ്റ്റാൻസി ആദ്യം കുണ്ടറ പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഒരന്വേഷണവും ഉണ്ടാകാത്തതിനെ തുടർന്നാണ് റൂറൽ എസ്.പിക്ക് പരാതി നൽകിയത്. റൂറൽ ക്രൈംബ്രാഞ്ച് കക്ഷികളെ കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഷീലയുടെ ഭർത്താവ് സിംസൺ അടക്കമുള്ളവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. എന്നാൽ ആരുടെയോ ഇടപെടലുകളെ തുടർന്ന് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി ആരോപണം ഉയർന്നു. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകൻ നടത്തിയ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉന്നത ഇടപെടലുകൾ ഉള്ളതായ സംശയവും ഉയർന്നിരുന്നു. ഇതിനിടെ പരാതിക്കാരിയെയും ഷീലയുടെ സഹോദരി ഷീനയെയും പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ പൊലീസിന്റെ ഭാഗത്തുനിന്നു പോലും ശ്രമം നടന്നു. പോസ്റ്റ്മോർട്ടം പരമാവധി വൈകിപ്പിച്ച് തെളിവുകൾ ഇല്ലാതാക്കുകയായികുന്നു ഇതിനു പിന്നിലെന്നാണ് കരുതുന്നത്. അക്രമികൾ ഷീനയുടെ വീടാക്രമിക്കുകയും മക്കളെയും ഭർത്താവിനെയും ഉപദ്രവിക്കുകയും ചെയ്ത സംഭവവും ഉണ്ടായി. ഇതു സംബന്ധിച്ച് കുണ്ടറ പൊലീസ് രജിസ്റ്റർ ചെയ്ത കേസന്വേഷണവും ഫലപ്രദമല്ലെന്നാണ് ആരോപണം. എല്ലാ ഭീഷണികളെയും സധൈര്യം നേരിട്ട് സ്റ്റാൻസിയും മകൾ ഷീനയും പരാതിയിൽ ഉറച്ച് നിന്നതോടെയാണ് പോസ്റ്റ്മോർട്ടത്തിന് വഴിയൊരുങ്ങുന്നത്.
കേസ് വഴിത്തിരിവാകും
പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തിയാൽ കേസന്വേഷണം വഴിത്തിരിവിലാകും. വിഷം ഉള്ളിൽ ചെന്നാകാം ഷീലയുടെ മരണം സംഭവിച്ചതെന്നാണ് പരാതിക്കാരുടെ സംശയം. മൃതദേഹത്തിന് 6 മാസത്തോളം പഴക്കം ഉള്ളതിനാൽ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ ഇതുസംബന്ധിച്ച തെളിവുകൾ ലഭിക്കാൻ ബുദ്ധിമുട്ടാകുമെങ്കിലും രാസപരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് ഫോറൻസിക് വിദഗ്ധർ പറയുന്നത്. ഷീനയുടെ മൃതദേഹം കല്ലറയിൽ സംസ്ക്കരിച്ചതിനാൽ മണ്ണുമായി കൂടിച്ചേരാത്തതിനാൽ തെളിവുകൾ ലഭിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.
'പോസ്റ്റ് മോർട്ടം റിപ്പോർട്ടും രാസപരിശോധനാ ഫലവും ലഭിച്ച ശേഷം തുടരന്വേഷണത്തിലേക്ക് നീങ്ങും"
എ.അശോകൻ, ഡിവൈ.എസ്.പി, റൂറൽ ക്രൈംബ്രാഞ്ച്