photo
കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ കൊച്ചുമാംമൂട് ജംഗ്ഷനിലെ ചുമട് താങ്ങി

കരുനാഗപ്പള്ളി: പാേയകാലത്തിന്റെ അടയാളമായ ചുമട് താങ്ങി പുതിയ തലമുറയിൽ കൗതുകമാണ് സൃഷ്ടിക്കുന്നത്. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ കൊച്ചുമാംമൂട് ജംഗ്ഷനിൽ നൂറ്റാണ്ടുകൾ പഴക്കം വരുന്ന ചുമട് താങ്ങി കാലത്തെ അതിജീവിച്ച് ഇന്നും നില കൊള്ളുകയാണ്. നിരപ്പായി ചെത്തിയെടുത്ത മൂന്ന് പാറപ്പാളികളാണ് ചുമട് താങ്ങിയായി പഴമക്കാർ ഉപയോഗിച്ചിരുന്നത്. രണ്ട് പാറപ്പാളികൾ ആഴത്തിൽ കുഴിച്ചിട്ട ശേഷം ഇതിന് മുകളിൽ ഒരു പാറപ്പാള്ളി നീളത്തിൽ സ്ഥാപിച്ചാണ് ചുമടുതാങ്ങി നിർമ്മിക്കുന്നത്. ചുമടുതാങ്ങിയുള്ളതിനാൽ എത്ര ഭാരമുള്ള സാധനങ്ങൾ വേണമെങ്കിലും മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ തലയിൽ ഏറ്റാൻ കഴിയും. റോഡുകൾ ഇല്ലാതിരുന്ന കാലത്താണ് ചുമട് താങ്ങികൾ ചുമട്ടുകാർക്ക് താങ്ങായി മാറിയത്. ഒരു നൂറ്റാണ്ടിന് മുമ്പ് തുറയിൽക്കടവ് കരുനാഗപ്പള്ളിയിലെ പ്രധാന വ്യവസായ കേന്ദ്രമായിരുന്നു. കരുനാഗപ്പള്ളിയിലെ കശുഅണ്ടി ഫാക്ടറികളിലേക്കുള്ള കശുഅണ്ടിക്കെട്ട് വല്ലങ്ങളിൽ തുറയിൽക്കടവിലാണെത്തിയിരുന്നത്. ഇവിടെ നിന്നും കാളവണ്ടികളിലും തലച്ചുമടായും സാധനങ്ങൾ കിഴക്കൻ പ്രദേശങ്ങളിലേക്ക് കൊണ്ട് പോയിരുന്നു. അതുപോലെ തന്നെ മലയോര മേഖലകളിൽ നിന്നും മലഞ്ചരക്കുകൾ തലച്ചുമടായാണ് തീര പ്രദേശങ്ങളിൽ എത്തിച്ചിരുന്നത്. അന്ന് ചായക്കടകൾ കേന്ദ്രീകരിച്ചാണ് ചുമട് താങ്ങികൾ സ്ഥാപിച്ചിരുന്നത്. സാധനങ്ങൾ ചുമന്നുകൊണ്ട് വരുന്ന ചുമട്ടുകാർ ക്ഷീണിക്കുമ്പോൾ വിശ്രമിക്കുന്നതിനായി സാധനങ്ങൾ പരസഹായമില്ലാതെ ഇറക്കി വെയ്ക്കുന്നത് ചുമട് താങ്ങികളിലായിരുന്നു. പണ്ട് നടവഴികളിലുടനീളം ഇത്തരം ചുമട് താങ്ങികൾ സർവസാധാരണമായിരുന്നു. കാലം പുരോഗമിച്ചതോടെ ചുമട് താങ്ങികളും ഒാരോന്നായി നശിച്ചു. എന്നാൽ കൊച്ചാലുംമൂട്ടിലെ ചുമട് താങ്ങിയെ പ്രദേശവാസികൾ ഇന്നും സംരക്ഷിച്ചു വരുകയാണ്.