പുത്തൂർ: ഭാരതത്തിന്റെ റിപ്പബ്ലിക്ക് ദിന പരേഡിൽ രാജ്പഥിൽ മാർച്ച് ചെയ്യാൻ കാരിക്കൽ സ്വദേശി അനന്തുവും. കഴിഞ്ഞ 28ന് ന്യൂഡൽഹിയിലെത്തിയ പി. അനന്തു ഇപ്പോൾ റിപ്പബ്ലിക്ക് ദിന പരേഡിന് മുന്നോടിയായുള്ള തീവ്രപരിശീലനത്തിന്റെ തിരക്കിലാണ്. കൂൾ തലം മുതൽ എൻ.സി.സി കേഡറ്റായ അനന്തു കൊല്ലം എസ്.എൻ കോളേജിലെ രണ്ടാം വർഷ ബി.എസ്.സി ഫിസിക്സ് വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിദ്യാർത്ഥിയാണ്. പ്രസിഡന്റും, പ്രധാനമന്ത്രിയും പങ്കെടുക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ കഴിയുന്നത് ഏറെ അഭിമാനകരമാണെന്ന് അമ്പാടിയിൽ പ്രിയന്റയും മിനിയുടെയും മകൻ അനന്തു പറഞ്ഞു. റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്ത ശേഷം ഫെബ്രുവരി ആദ്യവാരം അനന്തു നാട്ടിലേക്ക് മടങ്ങും.