sndp
ഇടമൺ ശ്രീഷണ്മുഖ ക്ഷേത്രത്തിന് മുന്നിലൂടെ കടന്ന് പോകുന്ന ദേശീയ പാതയോരത്തെ കട്ടിംഗിൽ വളർന്ന് ഉയർന്ന കാടുകൾ നീക്കം ചെയ്യുന്ന ഭക്ത ജനങ്ങൾ

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് കൂറ്റൻ കാട് വളർന്നിറങ്ങുന്നത് പ്രദേശവാസികൾക്കും കാൽ നടയാത്രികർക്കും ബുദ്ധിമുട്ടാവുന്നു. പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള പാതയോരത്തും സമീപത്തെ മൺഭിത്തിയിലുമാണ് കാട് വളർന്നിറങ്ങുന്നത്. സാധാരണ നിലയിൽ എല്ലാ വർഷവും ശബരിമല സീസൺ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ പാതയോരത്തെ കാടുകൾ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. ഇതിന് പുറമേ​ അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കൽ,​ റോഡിൽ സീബ്രാലൈനുകൾ വരയ്ക്കൽ തുടങ്ങിയവയും ചെയ്തിരുന്നു. എന്നാൽ ഈ വർഷം ശബരിമല സീസൺ ആരംഭിക്കുന്നതിന് മുമ്പ് ചില സ്ഥലങ്ങളിൽ ജെ.സി.ബി ഉപയോഗിച്ച് പേരിന് മാത്രം കാട് നീക്കം ചെയ്തതല്ലാതെ ഒരു നടപടിയുമുണ്ടായില്ല. ഈ മാസം ദേശീയ പാത റീ ടാർ ചെയ്യുമെന്ന് അധികൃതർ അറിയിച്ചെങ്കിലും തുടർ നടപടികൾ നടക്കുന്നില്ല. റോഡ് റീ ടാർ ചെയ്യുന്നതിന് മുന്നോടിയായി പാതയിലെ കുഴികൾ അടച്ച് ഇന്റർ ലോക്ക് കട്ടകൾ പാകിയെങ്കിലും തുടർ നടപടികൾ അനന്തമായി നീളുകയാണ്.

ഭക്ത ജനങ്ങൾക്കും ബുദ്ധിമുട്ട്

ദേശീയ പാതയോരങ്ങളിൽ ക്രമാതീതമായി കാട് വളർന്ന് നിൽക്കുന്നത് സമീപത്തെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കെത്തുന്ന ഭക്ത ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന എസ്.എൻ.ഡി.പി യോഗം 854-ാം നമ്പർ ഇടമൺകിഴക്ക് ശാഖയിലെ ശ്രീ ഷൺമുഖ ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ട് നിൽക്കുന്ന തൈപ്പൂയ മഹോത്സവം 30ന് ആരംഭിച്ച് അടുത്ത മാസം 8ന് സമാപിക്കും. പത്ത് ദിവസത്തെ മഹോത്സവം പ്രമാണിച്ച് ഭക്ത ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങി പാതയോരത്തെ കാടുകൾ നീക്കുകയാണ്. ഉത്സവത്തോടനുബന്ധിച്ച് ചന്ദ്രപൊങ്കാല അടക്കമുള്ള ചടങ്ങുകൾ നടക്കുന്ന ക്ഷേത്ര വളപ്പിൽ പോലും റോഡിലെ കാടുകൾ വളർന്ന് കയറിയിട്ടുണ്ട്. ഇതാണ് ഭക്ത ജനങ്ങൾ നീക്കം ചെയ്യുന്നതെന്ന് ശാഖാ സെക്രട്ടറി എസ്. അജീഷ് അറിയിച്ചു.

നവീകരണം നടക്കുന്നത് കണക്കിലെടുത്താണ് റോഡിൻെറ രണ്ട് വശത്തും വളർന്ന് ഉയർന്ന കാടുകൾ നീക്കം ചെയ്യാൻ അധികൃതർ മടിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.