കൊട്ടാരക്കര: പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ കേസ് നൽകിയത് ധീരമായ നടപടിയാണെന്ന് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ അഭിപ്രായപ്പെട്ടു.
എ.ഐ.എസ്.എഫ് ബാലവേദി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംഗമവും സംവാദവും കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള നീക്കം തികച്ചും ഉചിതമാണ്. പൗരത്വ നിയമ ഭേദഗതിയല്ല, അതിനെ തുടർന്നുവരുന്ന പൗരത്വ രജിസ്റ്ററാണ് പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പൗരന്മാരിൽ ആർക്കും പൗരത്വം നഷ്ടമാകില്ലെന്ന് കേന്ദ്ര സർക്കാരും ബന്ധപ്പെട്ടവരും പറയുന്നുണ്ടെങ്കിലും പൗരന്മാർ ആരെല്ലാമാണെന്ന് അവർ നിശ്ചയിക്കുന്നിടത്താണ് കുഴപ്പം.
ഭരണ ഘടനയിലെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണെന്നു കണ്ടെത്തി കോടതിക്ക് ഈ നിയമം അസാധുവാക്കാം. അല്ലെങ്കിൽ ബഹുജന പ്രക്ഷോഭത്തിലൂടെ സർക്കാരിനെ തിരുത്താൻ ജനങ്ങൾക്കു കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം ഡി.എൽ.അനുരാജ് അദ്ധ്യക്ഷത വഹിച്ചു. ജോബിൻ ജേക്കബ്, ഇന്ദുഗോപൻ എന്നിവർ സംസാരിച്ചു.