മടത്തറയിലേക്കുള്ള വാഹനങ്ങൾ മുക്കട, ജവഹർ ജംഗ്ഷൻ വഴി തിരിച്ചുവിടും മൂന്നിടങ്ങളിൽ റോഡിന് വീതികൂട്ടാനുള്ള ടെണ്ടർ നടപടി ആരംഭിച്ചു കൊല്ലം: പാരിപ്പള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ രണ്ട് മാസത്തിനകം ഗതാഗത പരിഷ്കാരം തുടങ്ങും. മടത്തറ ഭാഗത്തേക്കുള്ള ബസുകൾ അടക്കമുള്ള ഭാരമേറിയ വാഹനങ്ങൾ മുക്കടയിലെത്തി ജവഹർ ജംഗ്ഷൻ വഴി തിരിച്ചുവിടാനാണ് തീരുമാനം. മടത്തറ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് ഇപ്പോഴത്തേത് പോലെ നേരിട്ട് പാരിപ്പള്ളിയിലേക്ക് വരാം. മടത്തറ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ജവഹർ ജംഗ്ഷനിൽ തിരിഞ്ഞ് മുക്കട വഴി പാരിപ്പള്ളിയിലെത്തുന്ന തരത്തിലുള്ള പരിഷ്കാരത്തിനായിരുന്നു ആദ്യ ആലോചന. ഇത് നടപ്പാക്കുന്നതിന് മുന്നോടിയായി ദേശീയപാത എക്സിക്യൂട്ടീവ് എൻജിനിയർ സ്ഥല പരിശോധന നടത്തി. ജവഹർ ജംഗ്ഷനിൽ നിന്ന് വരുന്ന വാഹനങ്ങൾ പാരിപ്പള്ളിയിലേക്ക് പോകാൻ ദേശീയപാത മുറിച്ച് കടക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന എക്സിക്യൂട്ടീവ് എൻജിനിയറുടെ റിപ്പോർട്ടിനെ തുടർന്നാണ് ഒടുവിൽ ഈ ആലോചന ഉപേക്ഷിച്ചത്. പിന്നീടാണ് മടത്തറയിലേക്കുള്ള വാഹനങ്ങൾ മുക്കട വഴി തിരിച്ചുവിടാനുള്ള തീരുമാനമെടുത്തത്.
പുതിയ പരിഷ്കാരം അംഗീകരിക്കാനാവില്ല. ബസുകൾ വഴിതിരിച്ചുവിട്ടാൽ യാത്രക്കാർ മടത്തറ റോഡിലേക്ക് വരാതാകും. ഇത് ഈ ഭാഗത്തെ കച്ചവടക്കാരെ ബാധിക്കും. ഇതിന് പകരം ഓട്ടോ സ്റ്റാൻഡിൽ നിറുത്തിയിടുന്ന ഓട്ടോറിക്ഷകളുടെ എണ്ണം കുറച്ചും മടത്തറയിലേക്കുള്ള സ്റ്റോപ്പ് അൽപം മുന്നോട്ടാക്കിയും ഗതാഗതക്കുരുക്ക് പരിഹരിക്കണം. എം.എ. സത്താർ (വ്യാപാരി വ്യവസായി ഏകോപന സമിതി പാരിപ്പള്ളി യൂണിറ്റ് സെക്രട്ടറി)
ബസ് സ്റ്റോപ്പ് മാറും
പുതിയ പരിഷ്കാരം വരുമ്പോൾ മടത്തറയിലേക്കുള്ളതും തിരിച്ചുവരുന്നതുമായ ബസുകളുടെ സ്റ്റോപ്പ് വർക്കലയിലേക്കുള്ള ബസ് സ്റ്റാൻഡിന് സമീപമായിരിക്കും. ഇവിടെയും മുക്കടയിലും ജവഹർ ജംഗ്ഷനിലും ഇന്റർലോക്ക് പാകി റോഡിന് വീതി കൂട്ടും. ഇതിനുള്ള ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. ഇന്റർലോക്ക് പാകിയ ശേഷം മടത്തറ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ഗതാഗത പരിഷ്കാരം ആരംഭിക്കും.