കൊല്ലം: ആത്മീയതയിൽ ഊന്നിയ സാമൂഹിക ഐക്യമാണ് ഭാരതത്തിന്റെ പാരമ്പര്യവും പ്രത്യേകതയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. ബ്രഹ്മകുമാരീസ് രാജയോഗ സെന്റർ ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയത ലോകത്തിനൊക്കെയും സമാധാനവും ശാന്തിയും നൽകുന്നതാണ്. മതമോ ഭാഷയോ വംശമോ അനുഷ്ഠാനങ്ങളോ അടിസ്ഥാനമാക്കിയാണ് ഈ ഐക്യം ഉണ്ടാക്കിയത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഇവ ഐക്യത്തിന്റെ അടിസ്ഥാനമാവുമ്പോൾ മറ്റൊരു ദേശത്തിനും അവകാശപ്പെടാനില്ലാത്ത സംസ്കാരമാണ് ഭാരതത്തിനുള്ളത്. അജ്‌ഞതയുടെ മൂടുപടത്തെ അറിവിന്റെ സഹായത്തോടെ മാത്രമേ ഇല്ലാതാക്കാൻ കഴിയുകയുള്ളുവെന്ന് ഭാരതത്തിലെ ഋഷിവര്യന്മാർ കണ്ടെത്തിയിരുന്നു. ലോക ക്ഷേമത്തിന് ഉതകുന്ന ആശയങ്ങളാണ് വിവേകാനന്ദൻ ഉൾപ്പെടെയുള്ള ഋഷിമാർ കണ്ടെത്തി പ്രചരിപ്പിച്ചത്. വിജ്ഞാന ദാഹികളുടെയും ജ്ഞാനത്തിന്റെയും കേന്ദ്രമാണ് നമ്മുടെ രാജ്യം. ഞാനെന്ന ഭാവം ഉപേക്ഷിച്ചാൽ മാത്രമേ തത്വമസിയും അഹം ബ്രഹ്മാസ്മിയും പോലുള്ള അവസ്ഥയിലേക്ക് നമുക്ക് എത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു . സോപാനത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിച്ചു. പ്രകൃതിയെ ശരിയായ രീതിയിൽ പരിചരിക്കാതെ അമിതമായ ചൂഷണത്തിന് വിധേയമാക്കിയതാണ് ആഗോളതാപനവും പ്രളയവുമുൾപ്പെടെ ഉണ്ടാകാൻ കാരണമായതെന്ന് മന്ത്രി പറഞ്ഞു. മേയർ ഹണി ബഞ്ചമിൻ, രാജയോഗ സീനിയർ അദ്ധ്യാപിക കലാവതി, കോ ഓർഡിനേറ്റർമാരായ ബീന, പങ്കജം എന്നിവർ സംസാരിച്ചു.