കൊട്ടിയം: തഴുത്തല മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായുള്ള തങ്കഅങ്കി ഘോഷയാത്ര വൈകിട്ട് 5 മണിയോടെ മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ തിരുവാഭരണ തിടമ്പേറ്റി.
മുഖത്തല സ്‌കൂൾ ജംഗ്ഷൻ, ചെമ്പകശ്ശേരി മീത്തിലഴികത്ത് ദേവിക്ഷേത്രം, പി.കെ ജംഗ്ഷൻ, മണ്ണഞ്ചേരി ക്ഷേത്രം, കുറ്റിക്കാട് ദേവിക്ഷേത്രം, മഹാഗണപതി ക്ഷേത്രം ആറാട്ടുകുളം, പേരയം റേഷൻ കടമുക്ക്, ഡോൺബോസ്‌കോ ജംഗ്ഷൻ, കെ.ഐ.പി റോഡ്, ഇ.എസ്.ഐ ജംഗ്ഷൻ വഴി കൊട്ടിയം ജംഗ്ഷനിൽ എത്തിച്ചേർന്നു. തുടർന്ന് വർണ്ണാങ്കിതമായ കലാരൂപങ്ങൾ, താലപ്പൊലി, ചമയവിളക്ക്, മുത്തുക്കുട, ഗജവീരൻമാർ, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ തഴുത്തല ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഘോഷയാത്രയ്ക്ക് ഭക്തജന സഹസ്രങ്ങൾ സാക്ഷിയായി.
ക്ഷേത്രം പ്രസിഡന്റ് വി. രാധാകൃഷ്ണൻ, സെക്രട്ടറി അജയ് ബി. ആനന്ദ്, തങ്കഅങ്കി ഘോഷയാത്രാ കമ്മിറ്റി ചെയർമാൻ ബിജു ശിവദാസൻ, കൺവീനർ തഴുത്തല എൻ. രാജു, കമ്മിറ്റി അംഗങ്ങളായ കൊട്ടിയം എൻ. അജിത്കുമാർ, ശ്രീരാംദാസ്, സന്തോഷ്, അജു, പ്രവീൺ, പത്മരാജൻ, എസ്. സുനിൽകുമാാർ, മണി രവീന്ദ്രൻ, ജെ.ടി. അജിത്, അനിൽകുമാർ, എസ്. സജികുമാർ, റിച്ചു, എസ്. ശിവജി, ബി. സീമൻ, ബാബുരാജ്, എസ്. ഹരിദാസൻ, ഷാജി സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
മാനവിക സമ്മേളനം ഇന്ന്
ഉത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 5ന് നടക്കുന്ന മാനവിക സമ്മേളനം ജെ. മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് വി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ മുഖ്യാതിഥി ആയിരിക്കും. ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, സുഭാഷ്, സുലോചന, കെ.കെ. തമ്പി രാജൻ, രാജമല്ലി രാജൻ, ഗീതാ അനിരുദ്ധൻ എന്നിവർ സംസാരിക്കും. ക്ഷേത്രം സെക്രട്ടറി അജയ് ബി. ആനന്ദ് സ്വാഗതവും വൈസ് പ്രസിഡന്റ് വി. രാജീവ് നന്ദിയും പറയും.
നിർദ്ധന യുവതിയുടെ മംഗല്യം ഇന്ന്
തഴുത്തല മഹാഗണപതി ക്ഷേത്രം ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10.20ന് നിർദ്ധന യുവതിയുടെ വിവാഹം നടക്കും. കടപ്പാക്കട സാഗര നഗർ 92ൽ കുന്നുംപുറത്ത് പുറത്ത് വീട്ടിൽ എം. തങ്കച്ചിയുടെയും പരേതനായ വിജയകുമാറിന്റെയും മകൾ വിനീതയാണ് വധു. കൊല്ലം കന്റോൺമെന്റ് നോർത്ത് സി.എൻ നഗറിൽ സുരേഷ് ബാബു രാജേശ്വരി ദമ്പതികളുടെ മകൻ രാഹുൽ ആണ് വരൻ.
അഞ്ച് പവൻ സ്വർണ്ണാഭരണങ്ങളും സദ്യയുൾപ്പെടെയുള്ള വിവാഹ ചെലവുകളും ക്ഷേത്രം വകയായി വഹിക്കുമെന്ന് പ്രസിഡന്റ് വി. രാധാകൃഷ്ണൻ ,സെക്രട്ടറി അജയ് ബി. ആനന്ദ്, ട്രഷറർ വൈ. പ്രേംകുമാർ എന്നിവർ പറഞ്ഞു.